ഇത്തവണയും ഇടത് കൂട്ട് വിടാതെ ചേലക്കര. ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 12122 വോട്ടുകള്‍ക്ക് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനേയും എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണനെയും പിന്തള്ളിയാണ് പ്രദീപിന്‍റെ ജയം. കഴിഞ്ഞ 28 കൊല്ലമായി എൽഡിഎഫിന് ഒപ്പം നിൽക്കുന്ന മണ്ഡലമാണ് ചേലക്കര.

2021ലെ രാധാകൃഷ്ണന്‍റെ ഭൂരിപക്ഷമായ 39,400ലേക്ക് എത്തിയില്ലെങ്കിലും സ്വന്തം മണ്ഡലമായ ദേശമംഗലത്തുള്‍പ്പെടെ മികച്ച നേട്ടമാണ് പ്രദീപ് ഉണ്ടാക്കിയത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്‍റെ തെളിവാണ് ചേലക്കരയിലെ മുന്നേറ്റമെന്നും ഇത് പ്രതീക്ഷിച്ചിരുന്നതായും നേരത്തെ പ്രദീപ് പ്രതികരിച്ചിരുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ എല്ലാ ഘട്ടത്തിലും വ്യക്തമായ ലീഡ് പ്രദീപ് നിലനിര്‍ത്തുകയായിരുന്നു. അതേസമയം, ചേലക്കരയില്‍ ഒരു പഞ്ചായത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് മുന്നേറ്റമുണ്ടായില്ല. 

72.77 ആണ് ചേലക്കരയിലെ പോളിങ് ശതമാനം. കെ.രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവച്ച ഒഴിവിലാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ചെറുതുരുത്തി ഗവ.ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വോട്ടെണ്ണല്‍.

ENGLISH SUMMARY:

In the Chelakkara by-election, LDF candidate U.R. Pradeep won, defeating UDF candidate Ramya Haridas and NDA candidate K. Balakrishnan. Chelakkara has been a constituency that has consistently supported the LDF for the past 28 years, marking a significant victory for the left.