ജനങ്ങളാണ് എന്‍റെ പോസിറ്റിവിറ്റിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കൗണ്ടര്‍ പോയന്‍റില്‍. എംഎല്‍എയുടെ പ്രഥമ പരിഗണന പാലക്കാട് മെഡിക്കല്‍ കോളജിനായിരിക്കും. ഫലത്തിനു ശേഷം എസ്ഡിപിഐ ആഹ്ലാദപ്രകടനം നടത്തിയത് എന്തിനെന്ന് അവരോട് ചോദിക്കണം. എന്‍റെ വിജയം രഹസ്യമായി ആഘോഷിച്ച സിപിഎം, സിപിഐ നേതാക്കളുമുണ്ട്. പാലക്കാട് നഗരസഭയില്‍ ബിജെപിയുമായി കൂട്ടുകൂടി മല്‍സരിക്കാന്‍ സിപിഎം വരരുതെന്നും രാഹുല്‍ കൗണ്ടര്‍പോയിന്റില്‍ പറഞ്ഞു.
‘രാഹുല്‍ വിജയക്കൂട്ടത്തില്‍’
പാലക്കാട്ടെ പൊരിഞ്ഞ പോരില്‍ എതിരാളികളെ നിഷ്പ്രഭമാക്കിയ ചരിത്രജയവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ബി.ജെ.പിയുടെ സ്വാധീന മേഖലയില്‍ ഉള്‍പ്പെടെ കടന്നുകയറിയ ജയം, സിപിഎമ്മിനുള്ള ശക്തമായ രാഷ്ട്രീയ മറുപടി കൂടിയായി. ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിന്റെ ഒടുവിലെ ലാപ്പില്‍, ഷാഫിയുടെ റെക്കോര്‍ഡും രാഹുല്‍ മറികടന്നു. പാലക്കാട്ടെ എം.എല്‍.എയെ ഇനി നിയസഭയിലെ പ്രതിപക്ഷ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ കാണാം.
നഗരസഭയില്‍ കിതയ്ക്കും, പഞ്ചായെത്തുമ്പോള്‍ കുതിയ്ക്കും. അങ്ങനെ പാലക്കാട് നേടും. ഇതായിരുന്നു കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ചിത്രം മാറി. ബി.ജെ.പിക്ക് സ്വാധീനമുള്ള പലയിടത്തും കൈപ്പത്തിക്ക് വോട്ടര്‍മാര്‍ കൈകൊടുത്തു. മൂന്നാം റൗണ്ടില്‍ തുടങ്ങി ലീഡിലേക്കുയര്‍ന്ന രാഹുലിന് പിന്നീട് പാലക്കാട്ടുകാര്‍ നല്‍കിയത് വിസ്മയിപ്പിക്കുന്ന വോട്ട് വിഹിതം. നഗരസഭയിലെ മേല്‍ക്കൈ പിരായിരി പഞ്ചായത്ത് എണ്ണിയപ്പോള്‍ കാര്യമായി ഉയര്‍ന്നു. മാത്തൂരും രാഹുലിനെ കൈവിട്ടില്ല. കണ്ണാടിയെന്ന ഇടതുകോട്ടയില്‍ സരിന്‍ നേരിയ മുന്നേറ്റം നടത്തിയപ്പോഴും ഷാഫി പറമ്പില്‍ പാലക്കാട് തീര്‍ത്ത ഭൂരിപക്ഷം മറികടന്ന് മണ്ഡലത്തിലെ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ രാഹുലിനായി.
തൃശൂരിന് പിന്നാലെ പാലക്കാട്ടും താമര വിരിയുമെന്ന ബി.ജെ.പിക്കാരുടെ പ്രതീക്ഷ അസ്ഥാനത്താക്കിയാണ് രാഹുല്‍ കന്നിമല്‍സരത്തില്‍ തന്നെ കൈ ഉയര്‍ത്തി കരുത്തറിയിച്ചത്.