വയനാട്ടില്‍ കന്നിയങ്കം ഗംഭീരമാക്കി യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. വോട്ടെണ്ണല്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒന്നരലക്ഷത്തിലേറെയാണ് പ്രിയങ്കയുടെ ലീഡ്. തുടക്കം മുതല്‍ തന്നെ ലീഡ് നേടിയ പ്രിയങ്ക ഒരുഘട്ടത്തിലും പിന്നിലായില്ല. ആദ്യ റൗണ്ടില്‍ സഹോദരന്‍ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷത്തിനൊപ്പം എത്താനായില്ലെങ്കിലും പ്രിയങ്ക ലീഡെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്ക് നിലവില്‍ 47000 വോട്ടുകളും ബിജെപിയുടെ നവ്യ ഹരിദാസിന് 27,000 വോട്ടുകളുമാണ് ലഭിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ജയിച്ചെങ്കിലും റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡലം ഒഴിയുമ്പോള്‍ത്തന്നെ പ്രിയങ്കയാകും സ്ഥാനാര്‍ഥി എന്ന് രാഹുല്‍ സൂചിപ്പിക്കുകയും ചെയ്തു. സിപിഐയിലെ സത്യന്‍ മൊകേരിയാണ് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ എല്‍ഡിഎഫില്‍ നിന്ന് മല്‍സരിച്ചത്. ബിജെപി യുവനേതാവ് നവ്യ ഹരിദാസിനെയും രംഗത്തിറക്കി.
പാലക്കാട് അഞ്ചാം റൗണ്ടില്‍ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ ലീഡ് ചെയ്യുന്നു. 1025 വോട്ടുകള്‍ക്കാണ് കൃഷ്ണകുമാറിന്‍റെ ലീഡ്. മൂന്നാം റൗണ്ടില്‍ ബിജെപി കോട്ടകളിലടക്കം വ്യക്തമായ ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡെടുത്തു. എല്‍ഡിഎഫ് സ്വതന്ത്രന്‍ സരിന് ഒരിക്കല്‍ പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ചേലക്കരയില്‍ തുടക്കം മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപാണ് ലീഡ് ചെയ്യുന്നത്. 7598 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രദീപിനുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസാണ് രണ്ടാം സ്ഥാനത്ത്. പി.വി. അന്‍വറിന്‍റെ സ്ഥാനാര്‍ഥി സുധീറിന് ആയിരത്തിലേറെ വോട്ടുകളാണ് നേടാനായത്.