വയനാട്ടില്‍ വിജയക്കൊടി പാറിച്ച് പ്രിയങ്ക ഗാന്ധി. കന്നിയങ്കത്തില്‍ 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. രാഹുല്‍ഗാന്ധി 2021 ല്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്ന ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക പത്തുമണിയോടെ തന്നെ ലീഡ് ഒരുലക്ഷം കടത്തി. 

ഉജ്വലമായ ജയമാണ് യുഡിഎഫിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതീക്ഷിച്ച ജയമെന്ന് കെപിസിസി  പ്രസിഡന്‍റ് കെ. സുധാകരനും പ്രതികരിച്ചു. ബിജെപിയെ തടുത്ത് നിര്‍ത്താന്‍ ഇനി കോണ്‍ഗ്രസ് മാത്രമാണുള്ളതെന്നും ഈ വിജയം ടീം വര്‍ക്കിന് സമര്‍പ്പിക്കുന്നുവെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലീഗടക്കം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും ചേലക്കരയില്‍ എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാനായത് നേട്ടമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

ബിജെപിക്കെതിരായ ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉയര്‍ത്തിക്കൊണ്ട് വരാന്‍ കഴിഞ്ഞുവെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും അതാണ് പാലക്കാട്ടെ നഗരസഭയിലെ മുന്നേറ്റം കാണിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. നാല്‍പതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചയിടത്ത് ഇക്കുറി പതിനായിരത്തില്‍ ഭൂരിപക്ഷം ഒതുങ്ങിയെന്നും സുധാകരന്‍ വ്യക്തമാക്കി.വിവാദങ്ങളൊന്നും യുഡിഎഫിനെ ഏശിയില്ലെന്നും വിവാദങ്ങള്‍ ഏശാന്‍ മാത്രം അപാകതയൊന്നും യുഡിഎഫിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ്   നേരായമാര്‍ഗത്തിലാണ് ജനങ്ങളെ   സമീപിച്ചത്. അത് ഇഷ്ടപ്പെട്ടതിന്‍റെ പ്രതിഫലനമാണ് നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, പാലക്കാട്ടും യുഡിഎഫിന് ഉജ്വല വിജയം. നിയമസഭ തിരഞ്ഞെടുപ്പിലെ ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷത്തെ അപ്രസക്തമാക്കി 18724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജയം. വാശിയേറിയ രാഷ്ട്രീയപ്പോരാട്ടത്തില്‍ ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്. നഗരമേഖലകളിലടക്കം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്. ഒന്നാം റൗണ്ടില്‍ കൃഷ്ണകുമാര്‍ ലീഡ് ചെയ്തു. രണ്ടാം റൗണ്ടില്‍ രാഹുല്‍ ലീഡ് പിടിച്ചെങ്കിലും മൂന്നാാം റൗണ്ടില്‍ വീണ്ടും കൃഷ്ണകുമാര്‍ ലീഡ്  പിടിച്ചു. അ‍ഞ്ചാം റൗണ്ടിലാണ് രാഹുല്‍ ആധിപത്യം ഉറപ്പിച്ചത്. 

ENGLISH SUMMARY:

Priyanka Gandhi has surpassed her brother Rahul Gandhi’s 2024 record of a 3.65 lakh vote margin in Wayanad, securing an impressive victory.