പാലക്കാട് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തില്‍ വിലയിരുത്തല്‍. വിമതനീക്കം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. പാര്‍ട്ടിക്ക് പാലം വലിച്ചവരുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങളും കേന്ദ്രനേതൃത്വം പരിശോധിച്ചു. പാര്‍ട്ടിയിലെ പൊട്ടിത്തെറിക്കിടെ കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ നിന്ന് പി.കെ കൃഷ്ണദാസും എം.ടി രമേശും വിട്ടുനിന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഒരു വിഭാഗം നേതാക്കള്‍ ആസൂത്രിത നീക്കം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നല്‍കിയ പ്രഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. പാലക്കാട്ടെ പ്രദേശിക നേതാക്കളുടെ അടക്കം നാല്‍പതോളം നേതാക്കളുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ കേന്ദ്രനേതൃത്വത്തിന് മുന്നിലുണ്ട്. കോണ്‍ഗ്രസിന്‍റെ എംപി അടക്കമുള്ള നേതാക്കളുമായി വിമതപക്ഷം ആശയവിനിമയം നടത്തിയെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ കര്‍ശന നപടിവേണമെന്ന് കെ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റില്ലെന്ന കേന്ദ്രനേതൃത്വത്തിന്‍റെ നിലപാടിന്‍റെ ആത്മവിശ്വാസം കെ സുരേന്ദ്രന്‍ പ്രകടിപ്പിച്ചു.
പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ വൈകാരികമായി അഭിപ്രായം പറഞ്ഞതാകാമെന്നും അവര്‍ പറഞ്ഞതില്‍ യാഥാര്‍ഥ്യമുണ്ടെങ്കില്‍ തിരുത്തുമെന്നും സ്ഥാനാര്‍ഥിയായിരുന്ന സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളെല്ലാം താന്‍ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രന്‍. പാലക്കാട് തിരഞ്ഞെടുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന നാരായണന്‍ നമ്പൂതിരി, പ്രഭാരി രഘുനാഥ്, പരസ്യമാഅഭിപ്രായപ്രകടനം നടത്തിയ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് കൊച്ചിയില്‍ പുരോഗമിക്കുന്ന നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയും തര്‍ക്കത്തിലേയ്ക്കാണ് നീങ്ങിയത്.