സമസ്ത സമവായ ചര്‍ച്ചയില്‍ നിലപാട് കടുപ്പിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നേതൃത്വം വിളിച്ച സമവായ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതും അച്ചടക്ക ലംഘനമാണന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് ഇന്നു വൈകിട്ട് 3ന് വിളിച്ച യോഗത്തില്‍ ലീഗ് വിരുദ്ധ ചേരിയിലുളളവര്‍ പങ്കെടുക്കില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
സമസ്തയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുളള ഭിന്നത പരിഹരിക്കാനാണ് നേതൃത്വം മലപ്പുറത്ത് ഇന്ന് സമവായ യോഗം വിളിച്ചത്. എന്നാല്‍ ലീഗ് വിദുദ്ധ ചേരിയിലുളളവര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന അനൗദ്യോഗിക വിവരം വന്നതിനു പിന്നാലെ ലീഗിനൊപ്പം നില്‍ക്കുന്ന നേതാക്കള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി.
സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് കൃത്യസമയത്തു തന്നെ യോഗം നടക്കുമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക് നേതൃത്വം പോയത്. ഭിന്നത പരിഹരിക്കാനുളള ആദ്യ യോഗമാണ് ഇന്നു നടക്കുന്നതെന്നും തുടര്‍ ചര്‍ച്ചകള്‍ പിന്നാലെയുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.
ലീഗിന്‍റെ പേരില്‍ സമാന്തര കൂട്ടായ്മയുണ്ടാക്കിയവര്‍ക്കെതിരെ സമസ്ത നടപടിയെടുക്കണമെന്നാണ് ലീഗ് വിരുദ്ധ ചേരിയുടെ ആവശ്യം.