mv-govindan

TOPICS COVERED

കരുനാഗപ്പള്ളി സി.പി.എമ്മിലെ തമ്മിലടി വഷളായതില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ചയെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ലോക്കല്‍ സമ്മേളനം നടത്താനെത്തിയ നേതാക്കളെ പൂട്ടിയിട്ടത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. അംഗീകാരമുള്ള നേതാക്കളെ ദുർബലപ്പെടുത്താനുളള നീക്കമാണ് കരുനാഗപ്പള്ളിയില്‍ നടന്നതെന്ന് രാഷ്ട്രീയസംഘടനാ റിപ്പോർട്ടില്‍ ജില്ലാ സെക്രട്ടറി എസ്.സുദേവൻ വ്യക്തമാക്കി. 

 

സംസ്ഥാന കമ്മിറ്റി അംഗം പി.രാജേന്ദ്രനാണ് മൂന്നു ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം പി.ബി അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു. നേട്ടങ്ങള്‍ക്കൊപ്പം കോട്ടങ്ങളും അവലോകനം ചെയ്യണമെന്നും പാര്‍ട്ടിക്ക് ചിട്ടയും ക്രമവും ഉണ്ടെന്നും അതില്ലാത്ത സ്ഥലങ്ങളില്‍ പാര്‍ട്ടി ഇടപെടുമെന്നും കരുനാഗപ്പളളിയെ പരാമര്‍ശിച്ച് എം.എ ബേബി പറഞ്ഞ‌ു.       

ജില്ലാ സെക്രട്ടറി എസ് സുദേവൻ അവതരിപ്പിച്ച രാഷ്ട്രീയസംഘടനാ റിപ്പോർട്ടിലും കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്കെതിരെ രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി നിര്‍ദേശിച്ചിട്ടും കരുനാഗപ്പളളിയില്‍ നേതാക്കളും പ്രവർത്തകരും ചേരിതിരിഞ്ഞതായും നേതൃത്വത്തെ അവഗണിക്കാനും അംഗീകാരമുള്ള നേതാക്കളെ ദുർബലപ്പെടുത്താനുമുളള നീക്കമാണ് നടന്നതെന്നും ജില്ലാ സെക്രട്ടറി റിപ്പോർട്ടിലൂടെ വ്യക്തമാക്കി. പൊടിപ്പും തൊങ്ങലും ഉള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പ്രശ്നങ്ങൾ സൃഷ്ടിച്ചവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും. 

അതേസമയം പ്രശ്നം പരിഹരിക്കുന്നതില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ലോക്കല്‍ സമ്മേളനം നടത്താനെത്തിയ നേതാക്കളെ പൂട്ടിയിട്ടത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ഏരിയാ കമ്മിറ്റി പ്രശ്നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഗൗരവ സ്വഭാവത്തോടെ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ലെന്നും എം.വി ഗോവിന്ദന്‍ വിമര്‍‌ശിച്ചു. 

ENGLISH SUMMARY:

MV Govindan against Kollam district leadership, MV Govindan CPM, MV Govindan aginst Kollam DC, MV Govindan LDF, MV Govindan Karunagapally, CPM, Karunagapally CPM