തോമസ് കെ.തോമസിന് മന്ത്രിയാകാന്‍ താന്‍ തടസമാകില്ലെന്ന് എ.കെ.ശശീന്ദ്രന്‍. മന്ത്രി മാറുന്നതില്‍ മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിക്ക് മന്ത്രിയെ വേണ്ട എന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും. തോമസ് കെ.തോമസ് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കാണുന്നതില്‍ പുതുമയില്ല. ശരദ് പവാര്‍– കാരാട്ട് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അറിയില്ല. സിപിഎം കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയോട് സംസാരിക്കും എന്നത് നേരത്തെയെടുത്ത തീരുമാനമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, തോമസ് കെ. തോമസിന്റെ മന്ത്രിപദവി വിഷയത്തിൽ തീരുമാനമെടുക്കാനാകാതെ വലയുകയാണ് എൻസിപി ദേശീയ നേതൃത്വം. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും സിപിഎം ദേശീയ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല. തോമസ് കെ. തോമസ് ഇന്നു വീണ്ടും പവാറിനെ കാണും. ഇതിനിടെ ഡൽഹി ചർച്ചകളിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അതൃപ്തി അറിയിച്ചുവെന്നാണു വിവരം.
അന്തിമ തീരുമാനം വേണമല്ലോ എന്നാണു ഇന്നലെ ചർച്ചകൾക്കു മുൻപ് തോമസ് കെ. തോമസ് പ്രതികരിച്ചത്. വൈകിട്ട് 6നു ശരദ് പവാറിന്റെ വീട്ടിൽ നടന്ന ചർച്ചയിൽ പങ്കെടുക്കാൻ അപ്രതീക്ഷിതമായാണു കാരാട്ട് എത്തിയത്. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ ഇടപെടലിനെത്തുടർന്നാണിതെന്നാണു വിവരം. 20 മിനിറ്റോളം ചർച്ച നടത്തി. പിന്നീട് തോമസ് കെ. തോമസ് ഒറ്റയ്ക്കും പവാറിനെ കണ്ടു. ശുഭപ്രതീക്ഷയുണ്ടെന്നാണു ചർച്ചകൾക്കുശേഷം അദ്ദേഹം പ്രതികരിച്ചത്
ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാത്തതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്. മുന്നണി സംവിധാനത്തിൽ മന്ത്രിയെ നിശ്ചയിക്കുക അതത് പാർട്ടികളാണെങ്കിലും അതുണ്ടാവാത്തതിലെ അതൃപ്തി ചാക്കോ കാരാട്ടിനെ അറിയിച്ചെന്നാണ് വിവരം.