ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ ട്യൂഷൻ സെൻ്റർ മാഫിയകൾ, സ്വകാര്യ ട്യൂഷൻ സെൻ്റർ ലോബികളെ നിയന്ത്രിക്കാൻ പ്രത്യേക സമതിയെ സർക്കാർ നിയമിക്കണം, ട്യൂഷൻ സെൻ്റർ മാഫിയകളുടെ ഭാഗമായ അധ്യാപകർക്ക് എതിരെ നടപടി സ്വീകരിക്കണം, ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലെ സാമ്പത്തിക താൽപര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുവിദ്യാദ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം.പോലീസ് പ്രവർത്തകർക്ക് നേരെ അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു.പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
വഴുതക്കാട് വിമൻസ് കോളേജിന് സമീപം നിന്നാരംഭിച്ച മാർച്ച് പൊതുവിദ്യാഭ്യാസ കാര്യാലയത്തിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.പ്രതിഷേധയോഗം കെപിസിസി ജന: സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു.സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞും ചോദ്യപേപ്പറുകൾ ചോരുന്നത് ആശങ്കാജനകമെന്ന് എം.ലിജു പറഞ്ഞു.കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലുള്ള സാമ്പത്തിക താത്പര്യങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും, ട്യൂഷൻ സെൻ്റർ മാഫിയകളെ നിലക്കു നിർത്താൻ അടിയന്തര ഇടപെടൽ സർക്കാർ നടത്തണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. വിഷയത്തിൽ കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എം.ജെ യദുകൃഷ്ണൻ, ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ്, അരുൺ രാജേന്ദ്രൻ, ഗോപു നെയ്യാർ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ,ജില്ലാ പ്രസിഡൻ്റ് ഗോപുനെയ്യാർ, സംസ്ഥാന ഭാരവാഹികളായ അൽഅമീൻ അഷ്റഫ്, മിവാജോളി, ശ്രീജിത്ത് പുലിമേൽ, അബ്ബാദ് ലുത്ഫി, സുദേവ് എസ്, നിഹാൽ മുഹമ്മദ്,നേമം അഷ്ക്കർ, എസ്.എം സുജിത്ത്, അഖിൽ വട്ടിയൂർകാവ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.