സിപിഐ നേതാവ് വി.എസ്. സുനില്‍കുമാറിന് കണ്ണുകടിയെന്ന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്. തന്നെ പുറത്താക്കി ബിജെപിയില്‍ എത്തിക്കാന്‍ സുനില്‍കുമാര്‍ തിടുക്കംകാട്ടുകയാണെന്നും എം.കെ.വര്‍ഗീസ് ആരോപിച്ചു. സുനില്‍ കുമാര്‍ എന്തിനാണ് കെ. സുരേന്ദ്രന്റെ വീട്ടില്‍ പോയത്? കെ.സുരേന്ദ്രന്‍ സുനില്‍ കുമാറിന്റെ വീട്ടില്‍ വന്നിട്ടുണ്ടല്ലോയെന്നും വീട്ടില്‍ കേക്ക് കൊണ്ടുവന്നത് ഇത്രവലിയ പ്രശ്നമാണോയെന്നും എം.കെ.വര്‍ഗീസ് ചോദ്യമുയര്‍ത്തി. 

സുനില്‍കുമാറിന്‍റെ അന്തിക്കാട്ടെ വീട്ടില്‍ താന്‍ എത്തിയിരുന്നുവെന്ന കെ. സുരേന്ദ്രന്‍റെ വെളിപ്പെടുത്തലും എം.കെ വര്‍ഗീസ് ആയുധമാക്കി. സുനില്‍കുമാര്‍ സുരേന്ദ്രന്‍റെ ഉള്ള്യേരിയിലെ വീട്ടിലും എത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇക്കാര്യമടക്കം എം.കെ വര്‍ഗീസ് ഇടതുനേതാക്കളെ ധരിപ്പിച്ചു.

ക്രിസ്മസ് ദിനത്തിലാണ് തൃശൂര്‍ മേയറുടെ വീട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേക്കുമായി എത്തിയത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുനില്‍കുമാര്‍ ഉന്നയിച്ചത്. സുരേഷ് ഗോപിക്ക് വേണ്ടി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എം.കെ.വർഗീസ് പ്രചാരണം നടത്തിയെന്ന് ആറുമാസം മുന്‍പേ സുനില്‍കുമാര്‍ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാലിത് സിപിഐ പോലും മുഖവിലയ്ക്കെടുത്തില്ല. 

എം.കെ വര്‍ഗീസിനെതിരായ സുനില്‍കുമാറിന്‍റെ ആരോപണം സിപിഐ ഗൗരവമായി എടുത്തിരുന്നുവെങ്കില്‍ കോര്‍പറേഷന്‍ ഭരണത്തിനുള്ള പിന്തുണയും പിന്‍വലിച്ചേനെ. വീണ്ടും മേയർക്കെതിരെ സുനിൽകുമാർ തിരിയുമ്പോൾ സിപിഐ ജില്ലാ നേതൃത്വം എന്തു നിലപാടെടുക്കുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

മേയറുടെ ബിജെപി ബന്ധം തെളിയിക്കാനാണ് സുനിൽകുമാർ സുരേന്ദ്രന്റെ സന്ദർശനത്തെ ചൂണ്ടിക്കാട്ടിയത്. പക്ഷേ, കെ.സുരേന്ദ്രന്റെ വെളിപ്പെടുത്തലിലൂടെ സുനിൽകുമാർ പ്രതിസന്ധിയിലായി. കോഴിക്കോട്ടെ ഉള്ളിയേരിയിലെ സുരേന്ദ്രന്റെ വീട്ടിൽ സുനിൽകുമാർ സന്ദർശനം നടത്തിയിട്ടുണ്ടെന്നും അന്തിക്കാട്ടെ സുനിൽകുമാറിന്റെ വീട്ടിൽ താൻ പോയിട്ടുണ്ടെന്നുമാണ് എഫ്.ബി പോസ്റ്റിൽ  സുരേന്ദ്രന്‍ പറഞ്ഞത്. അതേസമയം, സന്ദർശനം നടത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ സുനിൽകുമാർ ഇതുവരെയും പ്രതികരിച്ചിട്ടുമില്ല.

എ.ഡി.ജി.പി. എം.ആർ.അജിത്കുമാർ ആർഎസ്എസ്. നേതാക്കളെ കണ്ട വിഷയത്തിൽ സിപിഐ. സംസ്ഥാന സെക്രട്ടറി നേരത്തെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. സുനിൽകുമാറിന്റെ വീട്ടിൽ സുരേന്ദ്രൻ സന്ദർശനം നടത്തിയ വിവരം മേയർ എം.കെ.വർഗീസ് ഇടതു നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. പിന്നെ, എന്തിനാണ് തന്റെ വീട്ടിൽ വന്നതിനെ പരസ്യമായി വിമർശിച്ചതെന്നാണ് മേയറുടെ ചോദ്യം.  ഒരാൾ വീട്ടിൽ വരുമ്പോൾ തടയാൻ പറ്റില്ലെന്ന നിലപാടാണ് സിപിഐ കൗൺസിലർ ഐ.സതീഷ്കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. സിപിഎമ്മും മേയറെ അവിശ്വസിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ENGLISH SUMMARY:

Thrissur Mayor MK Varghese says that CPI leader V.S. Sunilkumar is jealous and he is in a hurry to throw him out and bring him to the BJP