ഇന്നുമുതൽ ആരംഭിക്കുന്ന കോട്ടയം സിപിഎം ജില്ലാ സമ്മേളനം എ.വി.റസലിനെ ജില്ലാ സെക്രട്ടറിയായി തുടരാൻ അനുവദിച്ചേക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാവില്ലെന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയവും തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനായി ചെയ്യേണ്ട വിട്ടുവീഴ്ചകളും ജില്ലാ സമ്മേളനത്തിൽ ചർച്ചയാകും.
കാഞ്ഞിരപ്പള്ളി, പാലാ ഏരിയ സമ്മേളനങ്ങളിൽ മത്സരം ഉണ്ടാകുന്ന ഘട്ടം വരെ വന്നത് ഒഴിച്ചാൽ മറ്റ് ഏരിയ സമ്മേളനങ്ങളിൽ പാർട്ടി നേതൃത്വം ആഗ്രഹിച്ചതുപോലെ നടന്നതിന്‍റെ ആശ്വാസത്തിലാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം, കേരള കോൺഗ്രസ് എമ്മുമായുള്ള ഭിന്നത, വോട്ട് ബാങ്കുകളിലെ ബിജെപി കടന്നുകയറ്റം എന്നിവ ചർച്ചയാക്കിയ ബ്രാഞ്ച് ഏരിയാ സമ്മേളനങ്ങൾക്ക് ശേഷമുള്ള ജില്ലാ സമ്മേളനങ്ങളിലും ഇതേ ചർച്ചകൾ തുടരും . ജില്ലാ സെക്രട്ടറിയായി ഒന്നാം ടെം പൂർത്തിയാക്കുന്ന എ. വി.റസൽ തന്നെ തുടരും. പുതുപ്പള്ളി, ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ വലിയ പരാജയം പരസ്യമായി അംഗീകരിച്ച പാർട്ടി മാറ്റത്തിനായുള്ള ചർച്ചകൾ നടത്തും.
രണ്ടാം പിണറായി സർക്കാരിൽ നിന്ന് കോട്ടയം ജില്ലയ്ക്ക് കാര്യമായ വികസന പദ്ധതികൾ ലഭിച്ചില്ലെന്ന പരാതിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് എത്തുമ്പോൾ നെല്ലിന്റെ പണം കിട്ടാത്തത്തിലും നെല്ല് സംഭരണത്തിലും റബർ താങ്ങു വിലയിലും മറുപടി നൽകാൻ പാർട്ടി നേതാക്കൾ നന്നേ വിയർക്കും. 38 അംഗ ജില്ലാ കമ്മിറ്റിയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തും. നിലവിലെ നാല് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഒഴിവാകും. സംസ്ഥാന കമ്മിറ്റി അംഗമായ കെ അനിൽകുമാറും ഒഴിവാകാനുള്ള സാധ്യതയുണ്ട്.