ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ‌ട്രഷറര്‍ എന്‍.എം.വിജയനുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയും വയനാട് ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി.അപ്പച്ചനും. ആരോപണങ്ങളടങ്ങിയ കത്ത് വായിച്ചില്ല, തന്റെ പേര് വ്യാജമായി എഴുതിയെന്നും എം.എല്‍.എ പറഞ്ഞു. വിജയന്‍ തന്നോട് ഒരു ബാധ്യതയെപ്പറ്റിയും പറഞ്ഞിരുന്നില്ല. പാര്‍ട്ടിയും പൊലീസും അന്വേഷിക്കട്ടെ എന്നും സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍.

പുറത്തുവന്ന കത്തിലെ പരാമര്‍ശങ്ങളില്‍ യാതൊരു വസ്തുതയുമില്ല വയനാട് ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി.അപ്പച്ചന്‍ പറഞ്ഞു. ആരോപണങ്ങളടങ്ങിയ കത്ത് താന്‍ കണ്ടിട്ടില്ല. കെപിസിസിക്കാണ് കത്ത് നല്‍കിയത്. കള്ളക്കേസ് എടുത്ത് തന്നെ കുടുക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും എന്‍.ഡി.അപ്പച്ചന്‍ പറഞ്ഞു.

എന്‍.എം.വിജയനെഴുതിയ കത്ത് ലഭിച്ചെന്നും എന്നാല്‍ അത് വായിച്ചിട്ടില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. ഏത് കൊമ്പത്തിരിക്കുന്ന ആള് തെറ്റ് ചെയ്താലും നടപടിയെടുക്കും.നേരത്തെ വിഷയം പരിശോധിച്ച കെപിസിസി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന് പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയക്കളിയെന്നും കെ.പി.സി.സി അന്വേഷിച്ചപ്പോഴും ഐ.സി ബാലകൃഷ്ണനെതിരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പറഞ്ഞ രമേശ് ചെന്നിത്തല എം.എല്‍.എയെ പിന്തുണച്ച് രംഗത്തെതി.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായിയാണ് ഡി.സി.സി ‌ട്രഷറര്‍ ആത്മഹത്യയ്ക്ക് മുന്‍പെഴുതിയ കത്തുകള്‍ പുറത്തായത്. നിയമനത്തിനെന്ന പേരില്‍ പണംവാങ്ങിയത് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ആണെന്നും, ബാധ്യത കുമിഞ്ഞപ്പോള്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും കത്തില്‍ എന്‍.എം.വിജയന്‍. മൂന്ന് ഡി.സി.സി പ്രസിഡന്റുമാര്‍ പണം പങ്കിടുന്നതിലെ തര്‍ക്കമാണ് എല്ലാത്തിനും കാരണമെന്നും അദ്ദേഹം പറയുന്നു. ഐ.സി ബാലകൃഷ്ണൻ  എം.എല്‍.എയുടെ നിർദ്ദേശപ്രകാരം 7 ലക്ഷം രൂപ വാങ്ങി നൽകിയെന്നും കത്തിലുണ്ട്. 2 ലക്ഷം രൂപ മാത്രമാണ് ഐ.സി തിരികെ നൽകിയത്. ബാക്കി 5 ലക്ഷം രൂപ തന്റെ ബാധ്യതയായി. എൻ.ഡി. അപ്പച്ചൻ വാങ്ങിയ 10 ലക്ഷത്തിന് താൻ പണയാധാരം നൽകേണ്ടി വന്നു. അത് കോടതിയിൽ കേസായി. നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു നൽകാൻ ലോണെടുത്തു. അത് ഇപ്പോൾ 65 ലക്ഷത്തിൻ്റെ ബാധ്യതയായി. 

പാര്‍ട്ടി നേതൃത്വത്തിനും മകനും എഴുതിയ കത്തുകള്‍ കുടുംബം പൊലീസിന് കൈമാറി. കെ.പി.സി.സി അധ്യക്ഷനടക്കം നേതാക്കൾക്കെഴുതിയ നാല് കത്തുകളും മകൻ വിജീഷിനെഴുതിയ കത്തുമാണ് മനോരമ ന്യൂസ് പുറത്തു വിട്ടത്. ബത്തേരിയിലെ സഹകരണ സ്ഥാപനങ്ങളിലെ നിയമന കോഴയും താനെന്തിന് ആത്മഹത്യ ചെയ്യുന്നുവെന്ന കാര്യവും എൻ.എം വിജയൻ കത്തിൽ വിശദമായി എഴുതിയിട്ടുണ്ട്. ആത്മഹത്യക്കു പിന്നാലെ കത്ത് നേതാക്കൾക്ക് കൈമാറണമെന്നും നടപടിയെടുത്തില്ലെങ്കിൽ ആത്മഹത്യക്കുറിപ്പ് പൊലീസിനും മാധ്യമങ്ങൾക്കും നൽകണമെന്നും കത്തിൽ പറയുന്നുണ്ട്. 

നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആത്മഹത്യ കുടുംബ പ്രശ്നം മൂലമെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണുണ്ടായതെന്ന് മകൻ വിജീഷും മരുമകൾ പത്മജയും. 50 വർഷം വിശ്വസിച്ച പ്രസ്ഥാനം അഛനെ ചതിച്ചു. അപമാനം കൊണ്ട് പുറത്തിറങ്ങാറില്ലായിരുന്നു. നേതാക്കളെ കാര്യം അറിയിച്ചെങ്കിലും അവഗണിച്ചന്നും അനിയന്റെ ജോലി ഐ.സി ഇടപെട്ട് കളഞ്ഞെന്നും കുടുംബം. 

ബാധ്യതകൾ തലയ്ക്കു മുകളിൽ നിന്നപ്പോഴും നേതാക്കൾ തിരിഞ്ഞ് നോക്കിയില്ലെന്നും കുടുംബം. ആത്മഹത്യ ചെയ്തിട്ടും വീട്ടിൽ ഒരു നേതാവും വന്നില്ലെന്നും പിന്നെയും കുറ്റപ്പെടുത്തലുകളാണുണ്ടായതെന്നും കുടുംബം ആരോപിച്ചു. ആത്മഹത്യ കുറിപ്പും കത്തും കുടുംബം പെലീസിനു കൈമാറി

ENGLISH SUMMARY:

I.C. Balakrishnan responds to allegations in Vijayan's letter