സർവ്വകലാ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർമാർക്ക് കൂടുതൽ അധികാരം നൽകുന്ന യുജിസിയുടെ കരട് ചട്ടം വിദ്യാഭ്യാസ മേഖലകയുടെ മുഴുവൻ ഒന്നത്യത്തെയും ഇല്ലാതാക്കുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ .ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഭൂഷണമായ പരിഷ്ക്കാരങ്ങളല്ല കരട് ഭേദഗതിയിലുള്ളത്.സംഘ പരിവാർ ആലയിൽ വിദ്യാഭ്യാസ മേഖലയെ തളച്ചിടാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.
വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി അധ്യക്ഷനെ ചാൻസലർ നിർദേശിക്കും, രണ്ടാമത്തെ അംഗത്തെ യുജിസി ചെയർമാൻ നാമനിർദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യൂട്ടീവ് കൗൺസിൽ, ബോർഡ് ഓഫ് മാനേജ്‌മെന്റ് തുടങ്ങിയ സമിതികൾക്ക് മൂന്നാമത്തെ അംഗത്തെ നിർദേശിക്കാം എന്നിങ്ങനെയാണ് പുതിയ രീതി. അതോടൊപ്പം 2018ലെ യുജിസി നിയമഭേദഗതി അനുസരിച്ച് 10 വർഷം പ്രൊഫസറായി സേവനം ചെയ്തവരും ഗവേഷണരംഗത്ത് ഗൈഡായി പ്രവർത്തിച്ചവർക്കും മാത്രമേ വിസിമാരാവാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ പുതിയ പരിഷ്‌കാരം അനുസരിച്ച് വ്യവസായ പ്രമുഖർ ഉൾപ്പടെയുള്ളവർക്ക് വിസി മാരാകാൻ സാധിക്കും.
രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് യാതൊരു സംഭാവനയും ചെയ്യാത്ത സംഘപരിവാറിന് ഇടം നൽകാനുള്ള ബിജെപി കേന്ദ്രങ്ങളിൽ നിന്നുള്ള നീക്കമാണിതെന്നതിൽ സംശയമില്ല. എത്ര പദ്ധതിയിട്ടാലും കാവി വത്കരണത്തിനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു .