• ‘വിഭാഗീയത നടത്തുന്നവര്‍ക്ക് ഏതെങ്കിലും നേതാവിന്‍റെ പിന്തുണ കിട്ടുമെന്ന് വിചാരിക്കരുത്’
  • ‘നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കണം’
  • താഴെതട്ടില്‍ പരിശോധനകളും വിലയിരുത്തലുകളും നടക്കുന്നില്ലെന്നും മുഖ്യമന്ത്രി

ആലപ്പുഴയിലെ സിപിഎമ്മില്‍ വിഭാഗീയത അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിലെ വോട്ടു ചോർച്ചയിൽ താഴേത്തട്ടു മുതലുള്ള പാർട്ടി ഘടകങ്ങളിൽ പരിശോധന നടത്താത്തതിലെ അതൃപ്തിയും പിണറായി പങ്കുവച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം ഹരിപ്പാട് തുടരുകയാണ്.

 

ജില്ലാസമ്മേളനത്തിൽ പ്രതിനിധികളോട് മാത്രമായി  സംസാരിക്കുമ്പോഴാണ് വിഭാഗീയതയിലും വോട്ടു ചോർച്ചയിലുമുള്ള അത്യപ്തി പിണറായി പ്രകടിപ്പിച്ചത്. വിഭാഗീയതയുടെ തുരുത്തുകൾ ആലപ്പുഴ ജില്ലയിൽ ഇനിയും അവശേഷിക്കുന്നു എന്ന പരാമർശം എറണാകുളത്തെ കഴിഞ്ഞ സംസ്ഥാന സമ്മേളന റിപ്പോർട്ടിലുണ്ടായിരുന്നു. മൂന്നു വർഷം കഴിഞ്ഞിട്ടും അതിപ്പോഴും തുടരുന്നതിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ. 

 

ആശയ പരമായ ഭിന്നതയെക്കാൾ നേതാക്കളുടെ പേരിൽ അറിയപ്പെടുന്ന ഗ്രൂപ്പുകളാണ് ആലപ്പുഴയിലെ സിപിഎം വിഭാഗീയതയുടെ പ്രത്യേകത. വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്ക് ഏതെങ്കിലും നേതാക്കളുടെ പിന്തുണ ഉണ്ടാകുമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. ലോക്സഭ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കണമെന്ന നിർദ്ദേശം പാർട്ടി സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു.

 

അത്തരം ഒരു പരിശോധന ബ്രാഞ്ച് മുതലുള്ള ഘടകങ്ങളിൽ നടക്കാത്തതിലുള്ള അതൃപ്തിയും പിണറായി മറച്ചു വച്ചില്ല. നഷ്ടപ്പെട്ട വോട്ട് തിരിച്ചു പിടിക്കണമെന്ന നിർദേശവും മുഖ്യ മന്ത്രി നൽകി. ഞായറാഴ്ചയാണ് സമ്മേളനം സമാപിക്കുന്നത്. 46 ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കം 407 പേരാണ് പ്രതിനിധികൾ. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച സമാപന സമ്മേളനവും മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

ENGLISH SUMMARY:

Chief Minister Pinarayi Vijayan warns against sectarianism in Alappuzha CPM