cpm-stage-high-court-16

വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടിയ കേസില്‍ സിപിഎം നിയമോപദേശം തേടും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പടെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചതോടെയാണ് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. കോടതിയില്‍ ഖേദം പ്രകടിപ്പിക്കാനാണ് ആലോചനയെങ്കിലും നിയമോപദേശം ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സ്റ്റേജ് കെട്ടിയതില്‍ വീഴ്ചയുണ്ടായി എന്ന് പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്നും സിപിഎം കോടതിയെ അറിയിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി , കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെയും കോടതി വിളിപ്പിച്ചിട്ടുള്ളതിനാല്‍ സിപിഎമ്മിന് മാത്രമായി ക്ഷീണമില്ലെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എല്ലാവരെയും താക്കീത് ചെയ്യുകയോ മാര്‍ഗനിര്‍ദേശം നല്‍കുകയയോ ആവും കോടതി ചെയ്യുക എന്നും സിപിഎം കരുതുന്നു. 

 

അതേസമയം, നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ നിയമപരമായി നേരിടുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി  എം.വി.ഗോവിന്ദന്‍റെ പ്രതികരണം. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സമരവും പ്രക്ഷോഭവുമൊക്കെ സാധാരണമെന്നും എക്സിക്യുട്ടീവും ജുഡീഷ്യറിയും ലെജിസ്ലേച്ചറുമെല്ലാം ചേരുന്നതാണ് ഭരണസംവിധാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ENGLISH SUMMARY:

The CPM sought legal advice regarding the case of setting up a stage on the road in Vanchiyoor. Party state secretary M.V. Govindan was asked to appear in person at the High Court, prompting the party to seek legal counsel