വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വി‍ജയന്‍റെ ആത്മഹത്യയില്‍ പ്രതിഷേധം കടുപ്പിച്ച് സി.പി.എം. 13 ന് എം.വി.ഗോവിന്ദന്‍ എന്‍.എം.വിജയന്‍റെ കുടുംബത്തെ സന്ദര്‍ശിക്കും. ഐ.സി.ബാലകൃഷ്‌ണന്‍റെ രാജി വരെ സമരം തുടരാനാണ് സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും തീരുമാനം. അതേസമയം കര്‍ണാടകയിലേക്ക് പോയ ഐ.സി.ബാലകൃഷ്‌ണന്‍ ഇന്ന് ബത്തേരിയിലെത്തിയേക്കും. 

ഐ.സി ബാലകൃഷ്‌ണന്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി അപ്പച്ചനുമടക്കം ജില്ലയിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിസ്ഥാനത്തായ കേസ് രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎമ്മും ബി.ജെ.പിയും. ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തിയതോടെ എം.എല്‍.എ യുടെ രാജി ആവശ്യപ്പെട്ട് തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ 13 ന് ബത്തേരിയിലെത്തി എന്‍.എം വിജയന്‍റെ കുടുംബത്തെ കാണുന്നുണ്ട്. ബത്തേരിയില്‍ നടക്കുന്ന പ്രതിഷേധ സദസിലും ഗോവിന്ദന്‍ പങ്കെടുക്കും. മനുഷ്യ ചങ്ങല സംഘടിപ്പിച്ചും മറ്റും വിഷയം സജീവമാക്കുകയാണ് സിപിഎം

പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപിയും. 2016 ല്‍ തന്നെ ബത്തേരിയിലെ സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട് വ്യക്തമായിരുന്നെന്നും നടപടിയെടുക്കാത്തതിനു പിന്നില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഡീലുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. ഐ.സി ബാലകൃഷ്‌ണന്‍റെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകളും പ്രതിഷേധം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അതേ സമയം എന്‍.എം വിജയന്‍റെ ആത്മഹത്യയിലെ നാലാം പ്രതി പി.വി ബാലചന്ദ്രന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിപിഎമ്മിലെത്തിയതാണെന്നും ആരോപണവിധേയനായ ബാലചന്ദ്രനെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തിയ സിപിഎമ്മും എന്‍∙എം വിജയന്‍റെ മരണത്തില്‍ ഉത്തരവാദിയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.

ENGLISH SUMMARY:

The CPM has intensified its protest over the suicide of Wayanad DCC Treasurer N.M. Vijayan. On the 13th, M.V. Govindan will visit N.M. Vijayan's family.