പി.വി.അന്‍വര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പി.ശശിയുടെ വക്കീല്‍ നോട്ടിസ്. ശശി പറഞ്ഞിട്ടാണ് വി.ഡി.സതീശനെതിരെ വ്യാജ ആരോപണം ഉന്നയിച്ചത് എന്ന പ്രസ്താവനയ്ക്കെതിരെയാണ് നടപടി. എത്രയും വേഗം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. അന്‍വറിന് ശശി അയയ്ക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടിസാണിത്.
പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ നിയമസഭയില്‍ ഉന്നയിച്ച 150 കോടി രൂപയുടെ അഴിമതി ആരോപണം ചതിയാണെന്നാണ് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞത്. അഴിമതി ആരോപണം താന്‍ കൊണ്ടുവന്നതല്ലെന്നും അന്‍വര്‍ വെളിപ്പെടുത്തി. ‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണ് ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നിരന്തരം ആക്രമണം അഴിച്ചുവിടുന്ന സമയമായിരുന്നു. പിണറായിയെ പിതാവിനെപ്പോലെ കരുതിയിരുന്ന എനിക്ക് അതില്‍ പ്രതിപക്ഷത്തോട് കടുത്ത ദേഷ്യം ഉണ്ടായിരുന്നു. അപ്പോഴാണ് ശശി ഈ കാര്യം പറഞ്ഞത്. തൊട്ടടുത്ത് നിയമസഭാസമ്മേളനത്തില്‍ ഉന്നയിക്കാമെന്ന് പറഞ്ഞു.’ ഉന്നയിക്കേണ്ട കാര്യം എഴുതി നല്‍കുകയായിരുന്നുവെന്നും അതാണ് താന്‍ നിയമസഭയില്‍ പറഞ്ഞതെന്നും അന്‍വര്‍ വെളിപ്പെടുത്തി.
അതേസമയം പി.വി.അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫില്‍ കയറാന്‍ മാപ്പപേക്ഷയുമായി നില്‍ക്കുകയാണ് അന്‍വര്‍. പി. ശശിയെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് അന്‍വറെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.