നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ നിലപാട് മയപ്പെടുത്തി പി.വി.അൻവർ. മനോരമ ന്യൂസ് കൗണ്ടർ പോയിന്‍റിലാണ് അൻവർ നിലപാട് മയപ്പെടുത്തിയത്. നിലമ്പൂരിൽ യുഡിഎഫ് ആരെ മത്സരിപ്പിച്ചാലും പിന്തുണയ്ക്കുമെന്ന് അൻവർ പറഞ്ഞു. ഇതോടെ, അൻവറുമായി സഹകരിക്കുന്നതിൽ എല്ലാ പ്രതിസന്ധികളും മറികടക്കാൻ ആയെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
എംഎൽഎ സ്ഥാനം രാജിവച്ച് നിലമ്പൂരിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് യുഡിഎഫിന് നിരുപാധിക പിന്തുണ ഉറപ്പു നൽകുമ്പോഴും അൻവറിന്‍റെ വാക്കുകളിൽ കോൺഗ്രസിന് കല്ലുകടി ആയത് ആര്യാടൻ ഷൗക്കത്തിനോടുള്ള ഈ പരിഹാസമായിരുന്നു.
ഷൗക്കത്തിനെ മത്സരിപ്പിച്ചാൽ പിന്തുണയ്ക്കുന്നത് പ്രയാസമാണെന്നും അൻവർ നയം വ്യക്തമാക്കിയിരുന്നു. എന്നാൽ മനോരമ ന്യൂസ് കൗണ്ടർ പോയിന്‍റില്‍ അൻവർ മലക്കം മറഞ്ഞു. വി.എസ് ജോയിയെ പരിഗണിക്കണമെന്നത് ഒരു അഭ്യർത്ഥന മാത്രമാണ്. യുഡിഎഫ് ആരെ ഇറക്കിയാലും വിജയത്തിനായി ഇറങ്ങും.
ആര്യാട്യൻ ഷൗക്കത്തിനെ പരിഹസിച്ചതിലുള്ള വിഷമം ചില കോൺഗ്രസ് നേതാക്കൾ അൻവറിനെ അറിയിച്ചതായാണ് സൂചന. അതേസമയം, നിലമ്പൂരിൽ ആരെ സ്ഥാനാർഥിയാക്കണമെന്ന ചർച്ചകളിലേക്ക് കോൺഗ്രസ് ഉടൻ കടക്കും.
വി. എസ് ജോയിയുടെയും ആര്യാടൻ ഷൗക്കത്തിന്‍റെയും പേരുകള്‍ നേതാക്കളുടെയും ഗ്രൂപ്പുകളുടെയും പരിഗണനയിലുണ്ട്. വൈകാതെ നടക്കുന്ന സ്ഥാനാർഥി നിര്‍ണയ ചർച്ചയിൽ മണ്ഡലത്തിന്‍റെ സാമുദായിക ഘടന ഉൾപ്പെടെ മുൻനിർത്തിയാകും തീരുമാനം.