പി ശശിക്കും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനുമെതിരായ പി.വി അന്‍വറിന്‍റെ യുദ്ധപ്പുറപ്പാടിന് സി.പി.എമ്മിലെ ചില ഉന്നത നേതാക്കളുടെ പിന്തുണയുണ്ടായിരുന്നോ..? ഈ ചോദ്യം വീണ്ടും ചര്‍ച്ചയാകുന്നത് സമ്മേളന കാലയളവില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും. ശശിക്കും അജിത്കുമാറിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് ചില സി.പി.എം നേതാക്കളുടെ ആശിര്‍വാദത്തോടെയാണെന്ന അന്‍വറിന്‍റെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും ഉയര്‍ന്നുവരുന്നത്.
എന്നാല്‍ പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കുകയാണ് അന്‍വറിന്‍റെ ലക്ഷ്യമെന്നും അത് വിലപ്പോകില്ലെന്നുമാണ് സി.പി.എമ്മിന്‍റെ ഔദ്യോഗിക വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനുമെതിരെ പി.വി അന്‍വര്‍ തുടങ്ങിയ പോരാട്ടത്തിന് ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടിയത് സി.പി.എമ്മിന്‍റ സൈബര്‍ അണികളില്‍ നിന്നായിരുന്നു.
ആരോപണങ്ങളോട് സി.പിഎം നേതാക്കള്‍ മയത്തില്‍ പ്രതികരിച്ചതും അന്‍വറിന് പിന്നില്‍ ചില സി.പി.എം നേതാക്കള്‍ തന്നെയല്ലേയെന്ന സംശയം ഉയര്‍ത്തി. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന് വ്യക്തമാക്കിരിക്കുകയാണ് പി.വി അന്‍വര്‍. മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞതോടെ സഹയിച്ച നേതാക്കള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാതായി എന്നും അന്‍വര്‍ തുറന്നു പറഞ്ഞു.
എംവി ഗോവിന്ദനും പി ജയരാജനുമാണോയെന്ന ചോദിച്ചപ്പോള്‍ പേര് വെളിപ്പെടുത്തില്ലെന്നായിരുന്നു അന്‍വറിന്‍റെ പ്രതികരണം. ഈ തുറന്നു പറച്ചില്‍ സമ്മേളന കാലയളവില്‍ സി.പി.എമ്മിന് തലവേദന സൃഷ്ടിക്കും. തുടക്കത്തില്‍ അന്‍വറിന്‍റെ ആരോപണങ്ങളോട് പുലര്‍ത്തിയ മൃദു സമീപനവും പിന്നീട് മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടിന് പിന്നാലെയുള്ള മലക്കം മറിച്ചിലും അണികളോടും പൊതുജനത്തോടും പാര്‍ട്ടി വിശദീകരിക്കേണ്ടിവരും.
അന്‍വറിന്‍റെ ഈ ആരോപണം പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കാനാണെന്നാണ് സി.പി.എമ്മിന്‍റെ ഔദ്യോഗിക വിലയിരുത്തല്‍. ഇതിനെ ഗൗനിക്കേണ്ടതില്ലെന്നും പൂര്‍ണമായും യു.ഡി.എഫിന്‍റെ ഭാഗമാകുന്നതോടെ അന്‍വറിന്‍റെ ആരോപണങ്ങളെ പ്രതിരോധിക്കുക എളുപ്പമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. അതേസമയം അന്‍വര്‍ ഉയര്‍ത്തിയ പല ആരോപണങ്ങളും അണികളുടെ വികാരമാണെന്നതിനാല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത് അണികളിലും പൊതുസമൂഹത്തിലും ഉണ്ടാക്കുന്ന പ്രതികരണങ്ങളെ പാര്‍ട്ടി ആശങ്കയോടെയാണ് കാണുന്നത്.
നിലമ്പൂരില്‍ നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ സി.പി.എം മത്സരിപ്പിക്കും. ആര്യാടന്‍ ഷൗക്കത്തിനെ പോലെ കോണ്‍ഗ്രസ് അസംതൃപ്തരെ പാര്‍ട്ടിയിലെത്തിക്കുന്നതും പരിഗണനയിലുണ്ട്. സഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിലുണ്ടാകുന്ന ചര്‍ച്ചകളും അതിന്‍റെ അനുരണനങ്ങള്‍ സിപി.എം സസൂക്ഷ്മം നിരീക്ഷിക്കും.