തിരുവനന്തപുരം ജില്ലയിലെ മൂന്ന് പ്രസിഡന്റുമാരെ നിശ്ചിക്കുന്ന വോട്ടെടുപ്പില്‍ വാശിയേറിയ മല്‍സരം വന്നതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റം പ്രകടമായത്. ഒരേപക്ഷത്തുതന്നെയുള്ളവര്‍ പ്രസഡന്റ് സ്ഥാനത്തേയ്ക്ക് രംഗത്തുവന്നു. തിരുവനന്തപുരം നഗരജില്ലയില്‍ മുന്‍ ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, കരമന അജിത്, ആര്‍.എസ് രാജീവ് എന്നിവരായിരുന്നു മല്‍സരിച്ചത്. ഇതില്‍ രണ്ടുപേരും കടുത്ത ഔദ്യോഗിക പക്ഷക്കാരായാണ് അറിയിപ്പെടുന്നത്.
നോര്‍ത്ത് ജില്ലയില്‍ ബാലമുരളിയും ഇലകമണ്‍ സതീഷും തമ്മിലായിരുന്നു മല്‍സരം. അതുപോലെ സൗത്ത് ജില്ലയില്‍ ഔദ്യോഗിക പക്ഷക്കാരായ മുളയറ രതീഷും രാജമോഹനും എതിര്‍ ചേരിയിലെ മുക്കുംപാലമൂട് ബിജുവും മല്‍സരിച്ചു. രഹസ്യബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. ഇത് തിരഞ്ഞെടുപ്പല്ല അഭിപ്രായ സമാഹരണമാണെന്നാണ് വിശദീകരണം.
മഹിളാ മോര്‍ച്ച് ദേശീയ അധ്യക്ഷയും കോയമ്പത്തൂര്‍ എം.എല്‍.എയുമായ വാനതി ശ്രീനിവാസനായിരുന്നു കേന്ദ്ര നിരീക്ഷക. ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ മുതിര്‍ന്ന നേതാക്കളടങ്ങുന്ന സമിതിക്കാണ് ചുമതല. തിരുവനന്തപുരത്ത് ചേരുന്ന ബി.ജെ.പി കോര്‍കമ്മിറ്റി 27 ജില്ലാ അധ്യക്ഷന്മാരുടെ പട്ടിക കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിടും . മലപ്പുറത്തെ തിരഞ്ഞെടുപ്പ് പിന്നീട് നടത്തും.