മന്ത്രി എം.ബി.രാജേഷിന്‍റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട് മദ്യ നിർമാണശാലയ്ക്ക് പ്രവർത്തനാനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ഒട്ടേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. പലവട്ടം ഉന്തും തള്ളുമുണ്ടായി. പിന്നീട് മന്ത്രി എം.ബി.രാജേഷിന്‍റെ കോലം കത്തിച്ചു. തട്ടിപ്പുകാരുടെ കാവലാളായി മുഖ്യമന്ത്രി മാറിയെന്നും തട്ടിപ്പുകാർക്ക് മുഖ്യമന്ത്രിയെ മുട്ടിച്ചു കൊടുക്കുന്ന ഏജന്‍റിന്‍റെ പണിയാണ് എം.ബി.രാജേഷിനെന്നും രാഹുൽ മാങ്കുട്ടത്തിൽ ആരോപിച്ചു. മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‍റെ പ്രതികരണം.
അതേസമയം, മദ്യ നിർമാണശാല അനുവദിച്ച സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. യു.ഡി.എഫ് സർക്കാരിന്റെ കാലത്തും ടെന്‍ഡറില്ലാതെ കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും പദ്ധതിക്കെതിരെ ഇതര സംസ്ഥാന സ്പിരിറ്റ് ലോബിയുടെ പ്രചരണം നടക്കുന്നതായും എം.വി.ഗോവിന്ദൻ പാലക്കാട്ട് പറഞ്ഞു. വിഷയത്തിലെ വിവാദങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. കടുത്ത ജലക്ഷാമം നേരിടുന്ന ജില്ലയിൽ മദ്യ നിർമാണശാലയ്ക്ക് അനുമതി നൽകേണ്ടിയിരുന്നില്ലെന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തിന്‍റെ വിയോജിപ്പ് ചിറ്റൂരിൽ തുടങ്ങിയ ജില്ലാ സമ്മേളനത്തിലും ചർച്ചയാവും.
സർക്കാരിന്‍റെ മദ്യനയത്തിന്‍റെ ഭാഗമായാണ് എലപ്പുള്ളിയിലെ മദ്യ നിര്‍മാണശാല തുടങ്ങുന്നതിനുള്ള അനുമതി. രണ്ട് വർഷമായി കൃത്യമായ പഠനം നടത്തിയാണ് പദ്ധതിക്ക് അനുമതി നൽകിയത്. യാതൊരുവിധ ജലചൂഷണവുമില്ല. ബ്രൂവറി നാടിനെ മരുഭൂമിയാക്കുമെന്ന പ്രചരണത്തിന് പിന്നിൽ ഇതര സംസ്ഥാന സ്പിരിറ്റ് ലോബിയാണെന്ന സംശയമാണ് ഉയരുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്‍ു. വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാതെ പ്രതിപക്ഷം ഒളിച്ചോടിയെന്ന് മന്ത്രി എം.ബി.രാജേഷ്. വിഷയം പ്രതിപക്ഷത്തിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ ഉന്നയിച്ചു. ഉത്തരവ് സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.