കോൺഗ്രസിന് പുതിയ തലവേദനയായി തൃശൂർ തോൽവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ വ്യാജൻ. തോൽവിക്ക് ഉത്തരവാദികളായി ടി.എൻ. പ്രതാപൻ ഉൾപ്പെടെ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടാണ് പ്രചരിക്കുന്നത്. അതേസമയം, തൃശൂരിനുള്ള പുതിയ ഡി.സി.സി പ്രസിഡന്‍റിന്‍റെ കാര്യത്തിൽ നാല് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് ദീപാദാസ് മുൻഷി പറഞ്ഞു.
കെ.മുരളീധരന്‍റെ തൃശൂരിലെ പരാജയം അന്വേഷിച്ച പെകിസിസി അന്വേഷണ സമിതി റിപ്പോർട്ടിലെ ഭാഗം എന്ന നിലയിൽ പ്രചരിക്കുന്ന അഞ്ചു പേജുകളാണ് നേതൃത്വത്തിന് മുൻപിലെ പുതിയ തലവേദന. തൃശൂരിലെ തോൽവിക്ക് ഉത്തരവാദികളായി ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ, എം.പി. വിൻസന്‍റ് , അനിൽ അക്കര എന്നിവരെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടാണ് പ്രചരിക്കുന്നത്. എന്നാൽ, പ്രചരിക്കുന്നത് വ്യാജരേഖയാണെന്നു മൂന്നംഗ അന്വേഷണ സമിതി ആധ്യക്ഷനായ കെ.സി.ജോസഫ് പറഞ്ഞു.
വ്യാജ റിപ്പോർട്ട് പ്രചരിക്കുന്നതിന് പിന്നിൽ പാർട്ടിക്കുള്ളിൽ ഉള്ളവർ തന്നെയാണെന്ന് നേതൃത്വം വിശ്വസിക്കുമ്പോൾ യഥാർത്ഥ റിപ്പോർട്ട് സമ്പൂർണ്ണമായി പുറത്തുവിടണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്. വ്യാജ റിപ്പോർട്ടിനെതിരെ നിയമം നടപടി തുടങ്ങുമെന്ന് അനിൽ അക്കര പറഞ്ഞു. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ നാഥനില്ലാതായ തൃശ്ശൂർ ഡിസിസിക്ക് പുതിയ പ്രസിഡൻറ് ഉടൻ വരുമെന്ന് ദീപ ദാസ് മുൻഷി പറഞ്ഞു. ഡിസിസി പ്രസിഡൻ്റ് നിയമനം അന്തിമ വഴിയിൽ എത്തിയതാണ് റിപ്പോർട്ടും വ്യാജനും പ്രചരിക്കുന്നതിന് പിന്നില്ലെന്നും സംസാരമുണ്ട്.