തൃശൂര്‍ ലോക്സഭ സീറ്റില്‍ ഈഴവ വോട്ടുകള്‍ എല്‍.ഡി.എഫില്‍ നിന്ന് ചോര്‍ന്നതായി സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. സി.പി.എം. ചേര്‍ത്ത വോട്ടുകള്‍ പോലും സുരേഷ് ഗോപിയ്ക്കു പോയി. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
സി.പി.എം. തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സ്വയംവിമര്‍ശനം ഏറ്റവും കൂടുതല്‍ ലോക്സഭ തിരഞ്ഞെടുപ്പിലെ മോശം പ്രകനടത്തെക്കുറിച്ചാണ്. തൃശൂരില്‍ ആദ്യമായി ബി.ജെ.പി. ജയിച്ചതിന്‍റെ കാരണങ്ങളിലൊന്ന് എല്‍.ഡി.എഫിന്‍റെ വോട്ടുബാങ്കിലുണ്ടായ ചോര്‍ച്ചയാണ്. ബി.ജെ.പി. വ്യാപകമായി വോട്ടുകള്‍ ചോര്‍ത്തിയത് പരിശോധിക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായി.
നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം സുരേഷ് ഗോപിയ്ക്കു അനുകൂലമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോദി ഗ്യാരന്റിയും തൃശൂരില്‍ സ്വാധീനമുണ്ടാക്കി. സ്ത്രീ വോട്ടര്‍മാരും യുവാക്കളും സുരേഷ് ഗോപിയ്ക്ക് അനുകൂലമായി നിലപാടെടുത്തു. തൃശൂര്‍ ലോക്സഭ സീറ്റിലെ നാല്‍പത്തിയേഴ് തദ്ദേശ സ്ഥാപനങ്ങളില്‍ ചാവക്കാട് നഗരസഭയില്‍ മാത്രമാണ് എല്‍.ഡി.എഫിന് ലീഡ്.
തൃശൂര്‍ കോര്‍പറേഷനിലെ സി.പി.എം. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തിയുടെ റഷ്യന്‍ സന്ദര്‍ശനം പാര്‍ട്ടിയെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. അന്തരിച്ച വ്യാപാരി നേതാവ് ബിന്നി ഇമ്മട്ടി, ഏരിയാ സെക്രട്ടറി അനൂപ് ഡേവിസ് കാടയ്ക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് പാര്‍ട്ടി കണ്ടെത്തി. പാര്‍ട്ടി വിരുദ്ധരുടെ കൂട്ടുകൂടി ഉന്നയിച്ച ആരോപണങ്ങളാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുരേഷ്ഗോപിയെ പിന്തുണയ്ക്കും വിധം തൃശൂര്‍ മേയറുടെ ഭാഗത്തു നിന്നുണ്ടായ ജാഗ്രതക്കുറവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.