NCP സംസ്ഥാന അധ്യക്ഷനാകാൻ തയാറെടുത്ത് തോമസ് കെ.തോമസ്. നാളെ മുബൈയിലത്തി കുട്ടനാട് എം.എൽ.എ ദേശീയ നേതൃത്വത്തെ കാണും. തോമസ് കെ.തോമസിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് എ.കെ.ശശീന്ദ്രൻ ശരദ് പവാറിന് ഇ മെയിൽ സന്ദേശം അയച്ചിരുന്നു.
സംസ്ഥാന പ്രസിഡന്‍റാകാൻ തയ്യാറെന്ന തോമസ് കെ.തോമസിന്‍റെ ഈ വാക്കുകളിലൊളിഞ്ഞിരുപ്പുണ്ട് ലക്ഷ്യം. ഇതിനൊപ്പം എ.കെ.ശശീന്ദ്രന്‍റെ അകമഴിഞ്ഞ പിന്തുണയും. മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എ കെ ശശീന്ദ്രനും തോമസ് കെ തോമസും കൈകോര്‍ത്തതോടെ പുറത്തായ ചാക്കോയുടെ പകരക്കാരനെ ഒട്ടും വൈകാതെ ചുമതലയേൽപ്പിക്കണമെന്നാണ് ശശീന്ദ്രൻ, തോമസ് കെ. തോമസ് പക്ഷത്തിന്‍റെ ആവശ്യം.
നിവർത്തിയില്ലാതെ സ്ഥാനം രാജിവയ്ക്കേണ്ടി വന്ന ചാക്കോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിക്കാനോ മാധ്യമങ്ങൾക്കുമുന്നിൽ വരാനോ തയ്യാറായിട്ടില്ല. ദേശീയ വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോ എന്ന കാര്യത്തിലും ചാക്കോ നിലപാട് പറഞ്ഞിട്ടില്ല. പുതിയ പാര്‍ട്ടിയുണ്ടാക്കാനും മുന്നണി വിടാനുമാണ് ചാക്കോയുടെ നീക്കമെന്നാണ് മറുപക്ഷത്തിന്‍റെ ആരോപണം.