മുസ്ലിം ലീഗിന് യുഡിഎഫിൽ അതൃപ്തി. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം മുൻകയ്യെടുക്കുന്നില്ലെന്നും ആക്ഷേപം. യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് മുസ്ലിം സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ലീഗ് സംസ്ഥാന കമ്മിറ്റി യോഗം മലപ്പുറത്ത് തുടരുകയാണ്.
പരസ്പരമുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ നീണ്ടു പോകട്ടെ എന്ന നിലപാടിലാണ് കോൺഗ്രസിലെ പ്രധാന നേതാക്കളിൽ പലരുമെന്നാണ് മുസ്ലീം ലീഗിന്റെ അഭിപ്രായം. ശശി തരൂർ വിവാദം പരിഹരിക്കുന്നതിനു പകരം സ്ഥിതി പരമാവധി മോശമാക്കാനാണ് പല കോൺഗ്രസ് നേതാക്കളും ശ്രമിച്ചത്. കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദവും മുന്നണിക്ക് ക്ഷീണമുണ്ടാക്കി. തർക്കങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കാൻ കോൺഗ്രസ് നേതൃത്വമോ യുഡിഎഫ് യുഡിഎഫിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാക്കളോ ശ്രമിക്കാതെ പരിഹാരം നീട്ടിക്കൊണ്ടു പോവുന്നുവെന്ന ലീഗിന്റെ വികാരവും യോഗത്തിൽ ചർച്ചയാവുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുബോൾ ലക്ഷ്യബോധമില്ലാതെ കോൺഗ്രസ് മുന്നോട്ടു പോകുന്നത് യുഡിഎഫിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമെന്ന വികാരമാണ് ലീഗിനുള്ളത്. ശശി തരൂർ വിഷയത്തിൽ ഈ വൈകാരികതയാണ് ലീഗടക്കമുള്ള ഘടകകക്ഷികൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചത്.