കോണ്‍ഗ്രസ് ഒന്ന് പറയും ശശി തരൂര്‍ മറ്റൊന്ന് പറയും, പാര്‍ട്ടിക്കാര്‍ പെടും. പിന്നെ തരൂര്‍ നിലപാട് മയപ്പെടുത്തും, അത് വിശദീകരിക്കാനാകട്ടെ നേതാക്കന്‍മാര്‍ വല്ലാതെ പാടുപെടും. വിശ്വപൗരനും മുത്തശ്ശിപാര്‍ട്ടിയും തമ്മിലുള്ള ആശയ സംഘര്‍ഷം ഇങ്ങനെ തുടരുന്നു. ഇതിന് ഒരു അവസാനമാകാറായോ എന്ന് തോന്നിക്കുന്നതാണ് തരൂരിന്‍റെ ഒടുവിലത്തെ പരാമര്‍ശം. ‘പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് വേറെ പണിയുണ്ട്’. ശശി തരൂരിന്‍റെ ഈ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത് എങ്ങോട്ടാണ്? കോണ്‍ഗ്രസിന് പുറത്തേക്കാണോ തരൂരിന്‍റെ പോക്ക്?
നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പുകഴ്ത്തി പലവട്ടം പാര്‍ട്ടിയെ വെട്ടിലാക്കിയ തരൂര്‍ ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃത്വദാരിദ്ര്യമുണ്ട്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാംതവണയും സംസ്ഥാനത്ത് പ്രതിപക്ഷത്തിരിക്കും. ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്‍റെ പരാമര്‍ശങ്ങള്‍. പാര്‍ട്ടി മാറുന്നത് ആലോചനയിലില്ലെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മറ്റ് പണികളുണ്ടെന്നും തരൂര്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ റണ്ണര്‍അപ്പായി തരൂര്‍ പ്രവര്‍ത്തക സമിതിയിലെത്തി. ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യമുണ്ടാക്കിയ വിടവ് നികത്തി കേരള രാഷ്ട്രീയത്തില്‍ സജീവമാകാനായിരുന്നു പദ്ധതി. സംസ്ഥാനത്തെ പാര്‍ട്ടി പരിപാടികളില്‍ സജീവമായ തരൂര്‍ പിന്തുണ തേടി സാമുദായിക നേതാക്കന്‍മാരേയും സന്ദര്‍ശിച്ചു. പക്ഷേ പല ഗോത്രങ്ങളായി തിരിഞ്ഞ് പടവെട്ടിയിരുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ തരൂരിനെ വെട്ടാന്‍ ഒന്നിച്ചു. വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കെ.മുരളീധരനുമൊക്കെ ഒറ്റക്കെട്ട്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് സ്വപ്നം കണ്ട് ചരടുവലിച്ച തരൂരിനെ നിലംതൊടാന്‍ സമ്മതിച്ചില്ല. മുന്നില്‍ നിന്ന് നയിക്കാന്‍ മോഹിച്ച തരൂരിനെ സൈഡിലാക്കി.
‘കോണ്‍ഗ്രസ് എന്നെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കില്‍ എനിക്ക് എന്‍റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങള്‍ കരുതരുത്’. പിന്നീടുള്ള തരൂരിയന്‍ ലൈന്‍ ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു. ബിജെപി തരൂരിന്‍റെ കാര്യത്തില്‍ സമദൂര നിലപാടിലാണ്. തരൂര്‍ വന്നാലും വന്നില്ലെങ്കിലും അവര്‍ക്ക് പ്രശ്നമല്ല. പക്ഷേ സിപിഎമ്മിന് വിശ്വപൗരനോടുള്ള സമീപനം അതല്ല. ശശി തരൂരിനെ സഖാവ് തരൂര്‍ ആക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല താല്‍പര്യമുണ്ട്.
തുടർച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന തരൂരിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. പുകച്ച് പുറത്ത് ചാടിച്ചാല്‍ തിരിച്ചടിയാകും. അതുകൊണ്ടുതന്നെ അവഗണിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് നേതാക്കന്‍മാരുടെ തീരുമാനം. വിപ്ലവകാരിയായി ഇടത്തേക്കോ, തന്‍റെ ആശയത്തെ അപ്പാടെ തന്നെ പൊളിച്ചെഴുതി വലത്തേക്കോ തരൂര്‍ ചേക്കേറുമോ എന്നാണ് ഇനി അറിയേണ്ടത്. ശശി തരൂരിന്‍റെ പരാമര്‍ശങ്ങളില്‍ ഒരു മുന്നറിയിപ്പുള്ള സ്ഥിതിക്ക് ഈ കപ്പല്‍ ഏത് തീര്‍ത്ത് അടുക്കുമെന്ന് കണ്ടുതന്നെ അറിയണം.