ചാനൽ ചർച്ചയ്ക്കിടെയുള്ള വിദ്വേഷ പരാമർശക്കേസിൽ പി.സി.ജോർജിന്റെ അറസ്റ്റ് ഇന്ന്. രാവിലെ 10 മണിയോടെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാവുമെന്നാണ് പി.സി.ജോർജ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇതിനിടെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ശ്രമവും പി.സി.ജോർജ് നടത്തിയേക്കും.
ശനിയാഴ്ച നോട്ടീസുമായി പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും സ്ഥലത്തില്ലെന്നറിയിച്ച പി.സി.ജോർജ് ഹാജരാവാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനിൽ ഹാജരാവാനുള്ള നോട്ടീസ് പി.സി.ജോർജ് ഇതുവരെ കൈപ്പറ്റിയിട്ടില്ല.
അതേസമയം സ്ഥലത്തെ ബി.ജെ.പി പ്രവർത്തകർക്ക് രാവിലെ പി.സി.ജോർജിന്റെ വീട്ടിൽ എത്താൻ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് യൂത്ത് ലീഗ് നൽകിയ പരാതിയിൽ പി.സി.ജോർജിനെ അറസ്റ്റ് ചെയ്യുന്നത്.