മുഖ്യമന്ത്രിയെ ദേഷ്യക്കാരനാക്കി മാറ്റിയ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ പ്രയോഗം വിടാതെ പ്രതിപക്ഷം. മുഖ്യമന്ത്രിക്ക് അര്‍ഥം മനസിലാവാഞ്ഞിട്ടാണ് പ്രകോപിതനായതെന്ന് രമേശ് ചെന്നിത്തല മനോരമ ന്യൂസിനോട് പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നാണ് അര്‍ഥം. മുഖ്യമന്ത്രിക്ക് അത് മനസിലാകാത്തതിന് ഞാനെന്ത് ചെയ്യാനെന്ന് ചെന്നിത്തല ചോദിച്ചു. നിയമസഭയില്‍ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രയോഗം ആവര്‍ത്തിച്ച്. അതേസമയം, വി.ഡി.സതീശനെ ചെറുതാക്കി കാണിക്കാനാണ് രമേശ് ചെന്നിത്തല ആ പ്രയോഗം നടത്തിയതെന്ന് ഇ.പി.ജയരാജന്‍ ആരോപിച്ചു.
സി.എം, സര്‍, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നീ വിളികള്‍ മാത്രം കേട്ട് ശീലമുള്ള മുഖ്യമന്ത്രിയെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ വിളി ചൊടിപ്പിച്ചൂവെന്ന് അറിഞ്ഞതില്‍ പ്രതിപക്ഷം വലിയ സന്തോഷത്തിലാണ്. ഇന്നലെ സഭയിലെ അങ്കം കഴിഞ്ഞതിന് പിന്നാലെ യു.ഡി.എഫ് നേതാക്കള്‍ പലരും ഫേസ്ബുക്കിലൂടെ ആവര്‍ത്തിച്ച് വിളിച്ചു. ദേഷ്യപ്പെട്ട മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല ഇന്ന് രാവിലെ വീണ്ടും കളമൊരുക്കി.