നേതാക്കളുടെയും മന്ത്രിമാരുടെയും പ്രവർത്തനങ്ങളെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചും വിമർശിച്ചും സിപിഎം പ്രവർത്തന റിപ്പോർട്ട് . മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ, കെ കെ ശൈലജ തുടങ്ങിയ നേതാക്കളെ പ്രശംസിക്കുന്ന റിപ്പോർട്ടിൽ എം സ്വരാജും തോമസ് ഐസക്കും പാർട്ടിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് നിർദ്ദേശമുണ്ട്. പാർട്ടിയിൽ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും പരാമർശിക്കുന്ന റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. റിപ്പോർട്ടിന്മേൽ ചർച്ച പുരോഗമിക്കുകയാണ്.
രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാർ പോരെന്ന് പരാമർശിക്കുന്ന പ്രവർത്തന റിപ്പോർട്ടിൽ പാർട്ടിയെ അടിമുടി വാർത്തെടുക്കാൻ നേതാക്കൾ എങ്ങനെ പ്രവർത്തിക്കണമെന്നും നിർദ്ദേശിക്കുന്നു.കെ.എന്‍.ബാലഗോപാലിന്‍റേത് ധന പ്രതിസന്ധിയിലും നല്ല പ്രവർത്തനമാണ്.. മന്ത്രിയായി പ്രവർത്തിക്കുന്നതിനിടയിലും മുഹമ്മദ് റിയാസ് സംഘടനാകാര്യങ്ങളിൽ നല്ലപോലെ ശ്രദ്ധിക്കുന്നു എന്നാണ് പ്രശംസ.
'രാഷ്ട്രീയപ്രതികരണങ്ങള്‍ നടത്തുന്നതിനാല്‍ മാധ്യമങ്ങളുടെ ഇര എന്ന പരിവേഷവും മുഹമ്മദ് റിയാസിന് നൽകുന്നുണ്ട്. കെ.കെ.ശൈലജയും എ കെ ബാലനും സംഘടന രംഗത്ത് നല്ല പ്രവർത്തനം എന്നാണ് വിലയിരുത്തൽ . ഉത്തരവാദിത്തങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ട് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്തു പോയെങ്കിലും.ഇ.പി.ജയരാജൻ സമ്മേളനകാലയളവിൽ പ്രവർത്തനം കൂടുതൽ സജീവമാക്കി എന്നാണ് പരാമർശം. അതേസമയം എം സ്വരാജിന്റെയും തോമസ് ഐസക്കിന്റെയും പ്രവർത്തനങ്ങളിൽ പാർട്ടിക്ക് പൂർണ്ണ തൃപ്തി ഇല്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐസക്കും സ്വരാജും പാർട്ടി കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം എന്താണ് നിർദ്ദേശം.
തിരുവനന്തപുരം കേന്ദ്രീകരിച്ച് ചിന്തയിലും ദേശാഭിമാനിയിലും പ്രവർത്തിക്കുന്ന എം സ്വരാജ് പാർട്ടിയുടെ അവൈലബിൾ സെക്രട്ടറിയേറ്റിൽ കൂടുതൽ പങ്കെടുക്കണമെന്ന് നിർദ്ദേശമുണ്ട്. തിരുവനന്തപുരത്തുള്ള തോമസ് ഐസക്കും അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ ശ്രദ്ധിക്കണം എന്ന് പാർട്ടി നിർദ്ദേശിക്കുന്നു പാര്‍ട്ടിയില്‍ പ്രാദേശികതലത്തില്‍ വിഭാഗീയതയുണ്ടെന്ന് ആണ് സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഒരു കൂട്ടം സഖാക്കളില്‍ ഇപ്പോഴും വിഭാഗീയ പ്രവണതയുണ്ട്. പ്രാദേശികമായി ഉയര്‍ന്നുവരുന്ന പ്രശ്നം ഈ വിഭാഗീയത കാരണമാണ്.
സംസ്ഥാന സെന്‍ററിലുള്ളവര്‍ കീഴ്ഘടകങ്ങളിലെത്തി വിഭാഗീയത പരിഹരിക്കണം . പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും മന്ത്രിമാര്‍ക്ക് പ്രതിരോധിക്കാനായില്ല എന്നതാണ് മന്ത്രിമാരുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നത് . നേതാക്കൾക്ക് ജനങ്ങളുമായി ബന്ധം കുറയുന്നുവെന്നും ജനവിശ്വാസം തിരിച്ചുപിടിച്ച് ഒപ്പം നിർത്തിയാലേ പാർട്ടി ഉള്ളൂവെന്ന് പ്രവർത്തനറിപ്പോർട്ടില്‍ പറയുന്നു. പാർട്ടി നേതാക്കളും അംഗങ്ങളും വൻതുക സഹകരണബാങ്കിൽനിന്ന് വായ്പ എടുക്കുന്നു. വായ്പ തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്നും കുറ്റപ്പെടുത്തൽ. ഡിവൈഎഫ്ഐ പ്രതിഷേധം ചട്ടപ്പടി സമരങ്ങള്‍ മാത്രമായി മാറുന്നുവെന്ന് പ്രകാശ് കാരാട്ട് വിമര്‍ശിച്ചു.