പൊതുേമഖലയില്‍ നയം മാറ്റത്തിനൊരുങ്ങി സി.പി.എം. പൊതുമേഖലയില്‍ പി.പി.പി (പബ്ലിക്– പ്രൈവറ്റ് പാർട്‌ണർഷിപ്) മാതൃകയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ലാഭകരമല്ലാത്ത പൊതുമേഖല സ്ഥാപനത്തില്‍ പി.പി.പി മാതൃക വൈരുദ്ധ്യമല്ലെന്നും ഗോവിന്ദന്‍.

അതേസമയം, സി.പി.എം അവതരിപ്പിച്ച വികസനരേഖയില്‍ ജനവിരുദ്ധതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. ‘നവകേരളത്തിന്റെ പുതുവഴികള്‍’ രേഖയെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. ധനസമാഹരണത്തിനുള്ള മാര്‍ഗമാണ് രേഖ മുന്നോട്ടുവച്ചതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രം അവഗണിക്കുമ്പോള്‍ പണം കണ്ടെത്തിയേ മുന്നോട്ടുപോകാനാകൂ. രേഖയില്‍ ജനവിരുദ്ധതയില്ല, ജനക്ഷേമം മാത്രമെന്നും പാര്‍ട്ടി സെക്രട്ടറി. സെസ് ചുമത്തുന്നതു പരിശോധിക്കണമെന്നു മാത്രമാണ് ഇപ്പോൾ പറഞ്ഞിട്ടുള്ളതെന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങൾ എല്ലാം കണ്ണൂരുകാർക്കെന്ന വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നില്ലെന്നും  എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. പാര്‍ട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ മാധ്യമങ്ങള്‍ പറയുന്ന വിമര്‍ശനം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

CPM state secretary MV Govindan announced plans to introduce private participation in the public sector under the PPP model. He clarified that involving private partners in loss-making PSUs is not contradictory to party principles.