പാർട്ടിയെ വെട്ടിലാക്കിയ സിഡബ്ല്യുസി അംഗവും എംപിയുമായ ശശി തരൂരിന്റെ മോദി പ്രശംസ അവഗണിക്കാൻ കോൺഗ്രസ്. നടപടിക്ക് സമ്മർദ്ദം ഉണ്ടെങ്കിലും പാർട്ടി വിരുദ്ധ പ്രസ്താവനകളിൽ പ്രതികരിക്കേണ്ടെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. കഴിഞ്ഞമാസം അവസാനം ഹൈക്കമാൻഡ് വിളിച്ച നേതൃയോഗത്തിലെ തീരുമാനത്തിന് വിരുദ്ധമായി തരൂർ മുന്നോട്ടു പോകുന്നതിൽ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാൻഡ്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി ഉടൻ ഹൈക്കമാന്‍റിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകും. തരൂരിന്‍റെ പ്രസ്താവനകളിൽ സംസ്ഥാന നേതാക്കൾ അറിയിച്ചിട്ടുള്ള എതിർപ്പുകളും റിപ്പോർട്ടിൽ ഉണ്ടാകും. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായിരിക്കും തുടർതീരുമാനം കൈക്കൊള്ളുക. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തെത്തി നിൽക്കെ നടപടി എടുത്താൽ തിരിച്ചടിയാകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്.
ഡല്‍ഹിയില്‍ റെയ്സിന ഡയലോഗില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ശശി തരൂര്‍ പ്രധാനമന്ത്രിയെയും എന്‍ഡിഎ സര്‍ക്കാരിന്‍റെ വിദേശ നയത്തേയും പുകഴ്ത്തി സംസാരിച്ചത്. റഷ്യക്കും യുക്രൈനും ഒരുപോലെ സ്വീകാര്യനായ പ്രധാനമന്ത്രിയാണ് ഇന്ത്യയുടേത്. ലോകത്ത് സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കാന്‍ കഴിയുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയെന്നും തരൂര്‍ പറഞ്ഞു. ഇത് വിവാദമായതിന് പിന്നാലെ വിവാദം എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയത്തില്‍ ബിജെപിയുമായി അഭിപ്രായവ്യത്യാസമില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇനി പരസ്യമായും അല്ലാതെയും ഒന്നും പറയാനില്ലെന്നും തരൂര്‍ വിശദീകരിച്ചു.