സിപിഐ മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിലിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. സംസ്ഥാന എക്സിക്യൂട്ടീവ് നിർദ്ദേശം ഏപ്രിലില്‍ ചേരുന്ന സംസ്ഥാന കൗൺസിൽ അവതരിപ്പിച്ച് അംഗീകരിക്കും. എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണത്തിനുശേഷം പാർട്ടിക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനയാണ് നടപടിക്ക് കാരണമായത്. മരിക്കുന്നതുവരെ കമ്യൂണിസ്റ്റായി തുടരുമെന്നും പാര്‍ട്ടി നടപടിയെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഇസ്മായില്‍ പറഞ്ഞു.
ഏറെക്കാലമായി പാർട്ടിയുടെ സംസ്ഥാന നേതൃത്വവുമായി ഉടക്കി നിൽക്കുന്ന മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് ആണ് തീരുമാനിച്ചത്. പി. രാജുവിന്റെ മരണത്തിനുശേഷം പാർട്ടിയെ കുറ്റപ്പെടുത്തുന്ന വ്യാഖ്യാനത്തോടെ മാധ്യമങ്ങളുടെ സംസാരിച്ചതാണ് ഇസ്മയിലിനെതിരെ നടപടിക്ക് കാരണമായത്. ഇസ്മയിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം എറണാകുളം പാലക്കാട് ജില്ലാ ഘടകങ്ങൾക്ക് ഉണ്ടായിരുന്നെങ്കിലും തൽക്കാലം സസ്പെൻഷനിൽ നടപടി ഒതുക്കുകയാണ്.
പ്രായപരിധി കഴിഞ്ഞതിനുശേഷം ദേശീയ എക്സിക്യൂട്ടീവിൽ നിന്ന് പുറത്തുപോയ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ല കൗൺസിൽ ക്ഷണിതാവ് മാത്രമാണ്. പ്രതികരണങ്ങൾ നടത്തുമ്പോൾ പാർട്ടിക്ക് എതിരായ സമീപനം സ്വീകരിക്കരുതെന്ന് പലതവണ ഇസ്മയിലിനോട് പാർട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും ഗൗനിക്കാതെ പരസ്യ പ്രസ്താവന തുടർന്നതാണ് നടപടിക്ക് കാരണം. പാലക്കാട് സേവ് സിപിഐ ഫോറം എന്ന സമാന്തര സംഘടന രൂപപ്പെട്ടതിലും ഇസ്മയിലിന്റെ പങ്ക് പാർട്ടിക്ക് വ്യക്തമായിരുന്നു. ഇത് നടപടിയെടുക്കുന്ന തീരുമാനത്തെ കൂടുതൽ സ്വാധീനിച്ചു. പാർട്ടി അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന കാലം മുതൽ പാർട്ടിയിലെ വിഭാഗീയതയുടെ ഒരുപക്ഷത്ത് ഇസ്മയിൽ ഉണ്ടായിരുന്നു.