പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്തായ സി.പി.ഐ നേതാവും മുന്‍ എം.പിയുമായ ചെങ്ങറ സുരേന്ദ്രനെ കുടുക്കിയത് ജോലി വാഗ്ദാനം ചെയ്തുളള പണമിടപാട്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്കൂളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇരുപതു ലക്ഷം രൂപ വാങ്ങിയെന്നാണ് കണ്ണൂര്‍ സ്വദേശി പാര്‍ട്ടിക്ക് നല്‍കിയ പരാതി.
പലിശയ്ക്ക് പണം വാങ്ങിയത് തിരിച്ചുനല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ചെങ്ങറയുടെ വിശദീകരണം.ചെങ്ങറ സുരേന്ദ്രന്‍ 2022 മാർച്ച് മുതൽ രണ്ടു വർഷം ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായിരിക്കെ, ദേവസ്വം വക സ്കൂളിൽ ജോലി വാഗ്ദാനം ചെയ്തു 20 ലക്ഷം രൂപ വാങ്ങിയെന്നാണ് കണ്ണൂർ സ്വദേശി പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
ഗുരുവായൂർ ദേവസ്വത്തിന് രണ്ടു സ്കൂളുകളാണുള്ളത്. പരാതിക്കാരന്റെ മകള്‍ക്ക് ജോലി ലഭിച്ചില്ല, പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ചെങ്ങറ നല്‍കിയ ചെക്ക് മടങ്ങുകയും ചെയ്തു. ഇതോടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പരാതി കൊടുത്തത് . ഒന്നര വർഷം മുൻപ് തൃശൂർ വച്ച് പലിശയ്ക്ക് 20 ലക്ഷം രൂപ വാങ്ങിയെന്നും തിരികെ നൽകാൻ കഴിയാഞ്ഞതാണ് കാരണമെന്നുമാണ് ചെങ്ങറ പറയുന്നത്. കൈമാറിയ ബ്ലാങ്ക് ചെക്കിൽ 60 ലക്ഷം രൂപ രേഖപ്പെടുത്തി അദ്ദേഹം ബാങ്കിൽ നൽകിയതോടെ ചെക്ക് മടങ്ങിയെന്നുമാണ് ചെങ്ങറയുടെ വിശദീകരണം.
പത്തനംതിട്ട ചെങ്ങറ സ്വദേശിയായ സുരേന്ദ്രൻ കൊട്ടാരക്കരയില്‍ താമസമായതോടെ അടുത്തിടെയാണു സിപിഐ കൊല്ലം ജില്ലാ കൗൺസിൽ അംഗമായത്. 98 ലും 2004 ലും അടൂരില്‍ നിന്ന് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചെങ്ങറ പിന്നീട് പാര്‍ട്ടിയില്‍ തഴയപ്പെട്ടു. നിലവില്‍ എഐടിയുസി നേതൃത്വത്തിലുള്ള എൻആർജി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റാണ്.