shobha-bjp

രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കുമെന്ന് ശോഭ സുരേന്ദ്രന്‍. രാജീവ് ചന്ദ്രശേഖര്‍ പത്രിക സമര്‍പ്പിച്ചയിടത്ത് ശോഭ എത്തി. പത്രിക സമര്‍പ്പിച്ചശേഷമായിരുന്നു ബിജെപി സംസ്ഥാനക്കമ്മിറ്റി ഓഫിസിലെത്തിയത് . ബിജെപി ഓഫിസിലെത്താന്‍ വൈകിയത് കാര്‍ വൈകിയതിനാലെന്ന് ശോഭ വിശദീകരിച്ചു. 

നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍

മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും . കേന്ദ്രനേതൃത്വം കോര്‍ കമ്മിറ്റിയില്‍  രാജീവ് ചന്ദ്രശേഖറിന്‍റെ പേര് നിര്‍ദേശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ മികച്ച പ്രകടനം കാഴ്ച വെച്ചത് പരിഗണിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള കേന്ദ്രനേതാക്കന്മാരുമായുള്ള അടുപ്പം , പൊതുപ്രവര്‍ത്തനത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കാനുള്ള കഴിവ് തുടങ്ങിയവയാണ് രാജീവ് ചന്ദ്രശേഖറെ ബി.ജെ.പി സംസ്ഥാന അധ്യക്ഷപദത്തില്‍ എത്തിച്ചത്. ലോക്സഭയിലേയ്ക്കുള്ള കന്നി അങ്കത്തില്‍ത്തന്നെ  കുറഞ്ഞ സമയത്തിനുള്ളില്‍ തരൂരിനെതിരെ മികച്ച മല്‍സരം കാഴ്ചവച്ചതും രാജീവിന്റെ നേട്ടമായി.

ബി.ജെ.പിയ്ക്ക് സ്വാധീനമുള്ള ലോക്സഭാ മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ എത്തുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിര്‍ സ്ഥാനാര്‍ഥികളായ ശശിതരൂരും പന്ന്യന്‍ രവീന്ദ്രനും ഏറെ മുന്നോട്ടുപോയിരുന്നു. എങ്കിലും തരൂരിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തില്‍ നിന്ന് പതിനാറായിരത്തിലേക്ക് എത്തിച്ചു. പുതിയ തലമുറ പ്രചാരണ രീതികളാണ് രാജീവിനെ തുണച്ചത്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലെ നോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമും പൂർത്തിയാക്കി. ഇന്റലിന്റെ പുതിയ പ്രോഗ്രാമുകളുടെ വികസനത്തിലും പങ്കാളിയായി. 1994-ൽ ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം,  ആദ്യകാല മൊബൈൽ ഫോൺ സേവന ദാതാക്കളിൽ ഒരാളായി മാറി. 

രാഷ്ട്രീയപ്രവേശനത്തിന് ശേഷം, 2006-ൽ  കർണാടകയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലെത്തി. പിന്നീട് ബി.ജെ.പി.യിൽ ചേർന്ന് 2021 മുതൽ 2024 വരെ കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി., സ്കിൽ ഡെവലപ്‌മെന്റ്, സംരംഭകത്വം തുടങ്ങിയ വകുപ്പുകളുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഇതേ മികവ് കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍‍‍‍‍‍ പ്രയോഗിക്കുകയാണ് ബി.ജെ.പി .

കുറച്ചുനാളായി  കേരളത്തിൽ സജീവ സാന്നധ്യമാണ് രാജീവ്. അടുത്തകാലത്ത് തിരുവനന്തപുരത്ത് വീടും സ്വന്തമാക്കി. ഗ്രൂപ്പുകള്‍ക്ക് അതീതമായി സംസ്ഥാന ബി.ജെ.പിയെ നയിക്കുകയെന്ന കഠിനപരീക്ഷണമാണ് രാജീവിന് മുന്നില്‍ . തദ്ദേശ തിരഞ്ഞെടുപ്പിനും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിനും അധിക സമയമില്ലെന്നതും വെല്ലുവിളിയാണ്.

ENGLISH SUMMARY:

Car was late; Shobha explains why she was late to reach BJP office