kodakara-hawala-case-ed-cpm

ഇ.ഡിക്കെതിരെ സമരം കടുപ്പിച്ചാല്‍ രാഷ്ട്രീയ ലാഭമാവുമെന്ന വിലയിരുത്തലില്‍ സി.പി.എം.കൊടകര കുഴല്‍പ്പണക്കേസില്‍ ഇ.ഡിയുടെ കുറ്റപത്രം രാഷ്ട്രീയ താല്പര്യപ്രകാരമെന്ന് ജനങ്ങളെ എളുപ്പം ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഇ.ഡിക്കെതിരെ സി.പി.എം നീങ്ങുന്നത്. ബി.ജെ.പി കൂട്ടുകെട്ടെന്ന ആക്ഷേപത്തെ മറികടക്കാന്‍ കൊടകരക്കേസ് സഹായകരമാവുമെന്ന് സി.പി.എം വിലയിരുത്തുന്നു.

​​ഇഡിയെ രാഷ്ട്രീയം കളിക്കുകയാണെന്ന് പലതവണ സിപിഎം ആരോപിച്ചിട്ടുണ്ട്. കരുവന്നൂരില്‍ സിപിഎം നേതാക്കളെ പ്രതികളാക്കിയത് ഈ ലക്ഷ്യത്തിലാണെന്നാണ് സിപിഎം വാദം. എന്നാല്‍ സഹകരണ മേഖലയിലെ തട്ടിപ്പ് വ്യാപകമായതിനാല്‍ സിപിഎമ്മിന് അത് സാധൂകരിക്കാനോ തെളിയിക്കാനോ കഴിഞ്ഞിട്ടില്ല. ബിജെപിയെ സഹായിക്കുകയും എതിരാളികളെ ഇല്ലാതാക്കുകയും ചെയ്യുകയാണ് ഇഡിയുടെ ദൗത്യമെന്നാണ് സിപിഎം നിലപാട്.

ഇത് ബോധ്യപ്പെടുത്താന്‍ കഴിയുന്ന സംസ്ഥാനത്തെ ആദ്യകേസാണ് കൊടകര കുഴല്‍പ്പണക്കേസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ഇഡി എത്ര വാദിച്ചാലും കൊടകരയിലേത് കുഴല്‍പ്പണം അല്ലെന്ന് മലയാളി വിശ്വസിക്കില്ലെന്ന സിപിഎം കരുതുന്നു. ഇഡിക്കെതിരെ ഇനി പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയാല്‍ രാഷ്ട്രീയ ലാഭമെന്ന് ഇതുകൊണ്ടാണ് സിപിഎം വിലയിരുത്തുന്നത്.

ഇഡി ഓഫീസിലേക്ക് 29ന് നടത്തുന്ന പ്രതിഷേധമാര്‍ച്ചിന് പിന്നാലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇഡിക്കെതിരെ യോഗങ്ങള്‍ സംഘടിപ്പിക്കും. ഇനി ഏതു സിപിഎം നേതാവിനെതിരെ ഇഡി നീങ്ങിയാലും അത് രാഷ്ട്രീയമാണ് എന്ന് വിശ്വസിപ്പിക്കാന്‍ കഴിയുമെന്നാണ്  സിപിഎം  പ്രതീക്ഷ  . ഒപ്പം ബിജെപി ഡീല്‍ എന്ന പ്രതിപക്ഷ ആക്ഷേപത്തിന്‍റെ മുനയൊടിക്കാനും കഴിയും . കെ ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചതോടെ കോണ്‍ഗ്രസും വെട്ടിലായി. ഇഡിക്കെതിരെ ആദ്യസമരത്തിനിറങ്ങയത് കോണ്‍ഗ്രസിനെതിരെ ആയുധമാക്കാനും സിപിഎമ്മിനാവും. 

ENGLISH SUMMARY:

The CPM believes that intensifying protests against the Enforcement Directorate (ED) could yield political benefits. The party assesses that it can easily convince the public that the ED's chargesheet in the Kodakara hawala case is politically motivated. Additionally, CPM sees the case as an opportunity to counter allegations of a BJP alliance.