supplyco

സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേടിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. സപ്ലൈകോ തേയില വിഭാഗം മുൻ ഡെപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം. തേയില വാങ്ങിയതിലെ ക്രമക്കേടിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്

സപ്ലൈകോ തേയില വിഭാഗം മുൻ ഡെപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ടീ ടേസ്റ്റർ അശോക് ഭണ്ഡാരി, ഹെലിബറിയ ടീ എസ്റ്റേറ്റ് അടക്കമുള്ളവർ പ്രതികളായ കേസിലാണ് ഇ.ഡി കുറ്റപത്രം. കൊച്ചി കലൂർ PMLA കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തേയില വാങ്ങിയതിലെ ക്രമക്കേട് വഴി സപ്ലൈകോക്ക് ഏകദേശം 8.91 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. ഡമ്മി കമ്പനികളെ ഉപയോഗിച്ചാണ് ഇ.ടെൻഡറിൽ ക്രമക്കേട് നടത്തിയത്. സ്വന്തം തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന തേയില മാത്രമേ നല്‍കാന്‍ പാടുള്ളുവെന്നാണ് സപ്ലൈകോ വ്യവസ്ഥ. എന്നാല്‍ സപ്ലൈകോയിലെ ഡെപ്യൂട്ടി മാനേജരും എസ്റ്റേറ്റ് ഉടമകളും ചേര്‍ന്ന് മറ്റിടങ്ങളില്‍ ഉല്‍പാദിപ്പിച്ച ഗുണനിലവാരം കുറഞ്ഞ തേയില സപ്ലൈകോയ്ക്ക് വിതരണത്തിനായി എത്തിച്ചു. വിപണി വിലയേക്കാള്‍ പത്തുമുതല്‍ പതിനഞ്ച് രൂപവരെ കൂട്ടിയാണ് സപ്ലൈകോയിൽ ഈ തേയില വാങ്ങിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളം ഇടുക്കി ജില്ലകളിലായി 7.94 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ഷെല്‍ജി ജോര്‍ജടക്കമുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുള്ളത്. അതേസമയം ക്രമക്കേടിൽ ആദ്യം അന്വേഷണം ആരംഭിച്ച വിജിലൻസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

ENGLISH SUMMARY:

The Enforcement Directorate (ED) has filed a chargesheet in connection with the alleged tea procurement scam in Supplyco. Former Deputy Manager of the tea division, Shelji George, and others have been named as accused. The scam reportedly caused a loss of approximately ₹8.91 crore to Supplyco.