ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം കോർപറേഷൻ നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ നടന്നു. പെരുങ്കടവിളയില്‍ ജില്ലാ പഞ്ചായത്ത് കണ്ടെത്തിയ സ്ഥലത്ത്, തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷാണ് തറകല്ലിട്ടത്. വീട് നിർമാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പ്രയത്നിച്ച മനോരമ ന്യൂസിനും ജോയിയുടെ അമ്മ മെൽഹി നന്ദി പറഞ്ഞു.
ഏക ആശ്രയമായ മകന്റെ മരണ ശേഷം കേറികിടക്കാൻ അടച്ചുറപ്പുള്ള ഒരു വീട് എന്നത് മാത്രമായിരുന്നു ജോയിയുടെ അമ്മ മെൽഹി ആഗ്രഹിച്ചത്. അതിനാണ് ഇപ്പോൾ തുടക്കം കുറിച്ചത്.പെരുങ്കടവിള പഞ്ചായത്തിലെ അണമുഖത്ത് ജില്ല പഞ്ചായത്ത് കണ്ടെത്തിയ അഞ്ച് സെന്‍റ് സ്ഥലത്താണ് മെൽഹിക്ക് വീടൊരുങ്ങുന്നത്. കാലാവർഷം തുടങ്ങും മുൻപ് വീട് പൂർത്തിയാകണമെന്നാണ് ജോയിയുടെ അമ്മ മെൽഹിയുടെ ആഗ്രഹം.
650 സ്‌ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കോർപറേഷൻ ആലോചിക്കുന്നത്. വീട് നിർമാണം വേഗത്തിലാക്കാൻ മനോരമ ന്യൂസ് നടത്തിയ ഇടപെടൽ സഹായകരമായി എന്ന് മെൽഹി പറഞ്ഞു.
തറകല്ലിടീലിന് ശേഷം അണമുഖത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ വസ്തുവിന്റെ പ്രമാണം മന്ത്രി എം ബി രാജേഷ് ജോയിയുടെ അമ്മ മെൽഹിക്ക് കൈമാറി. കോർപറേഷൻ പരിധിക്ക് പുറത്ത് സ്ഥലം വാങ്ങി വീട് നിർമിക്കാൻ പരിമിതികൾ ഉണ്ടായിരുന്നിട്ടും തദ്ദേശ വകുപ്പിന്റെ പ്രത്യേക അനുമതിയിടെയാണ് പെരുങ്കടവിള പഞ്ചായത്ത് പരിധിയിൽ സ്ഥലം വാങ്ങിയത്. വീട് നിര്‍മാണം സമയബന്ധിതമായി നടന്നാല്‍ അടുത്ത മഴയ്ക്ക് മുമ്പ് ജോയിയുടെ അമ്മയ്ക്ക് അടച്ചുറപ്പുള്ള വീടിന്‍റെ തണലൊരുങ്ങും.