പി.വി.അൻവർ എൽഡിഎഫ് വിട്ടതുകൊണ്ട് സിപിഎം ഇനി നിലമ്പൂരിൽ സ്വതന്ത്രസ്ഥാനാർഥികളെ മൽസരിപ്പിക്കുന്നതിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി.അനിൽ മനോരമ ന്യൂസിനോട്. സിപിഎം ജയിപ്പിച്ച സ്വതന്ത്ര എംഎൽഎമാർ മുൻപും എൽഡിഎഫ് വിട്ടുപോയ സാഹചര്യം മലപ്പുറം ജില്ലയിലുണ്ട്. അന്‍വര്‍ എൽഡിഎഫ് വിട്ടതുകൊണ്ട് ഇടതുപക്ഷത്തിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. നഷ്ടമുണ്ടായത് പി.വി.അൻവറിനാണ്. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥി മൽസരിക്കണോ അതോ പാർട്ടി സ്ഥാനാർഥി മൽസരിക്കണോ എന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തീരുമാനിക്കുമെന്നും വി.പി. അനിൽ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, ജില്ലാ രൂപീകരണത്തിന് ശേഷം സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടി ചിഹ്നത്തില്‍ ആരും ജയിച്ചിട്ടില്ലാത്ത മണ്ഡലം കൂടിയാണ് നിലമ്പൂര്‍. മഞ്ചേരി വിഭജിച്ചു രൂപീകരിച്ച നിലമ്പൂർ മണ്ഡലത്തിൽ ആദ്യ 2 തിരഞ്ഞെടുപ്പുകളിൽ പാറിയതു ചെങ്കൊടിയാണ്. കെ.കുഞ്ഞാലിയായിരുന്നു രണ്ടുവട്ടവും എംഎൽഎ. മലപ്പുറം ജില്ലാ രൂപീകരണത്തിനു മുൻപ്, 1965, 67 തിരഞ്ഞെടുപ്പുകളിലായിരുന്നു ഇത്. ജില്ലാ രൂപീകരണത്തിനു ശേഷം നിലമ്പൂരിൽ ആദ്യമായി നടന്നതു കുഞ്ഞാലിയുടെ മരണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പാണ്. സഹതാപ തരംഗം മറികടന്നു കോൺഗ്രസിന്റെ എം.പി.ഗംഗാധരൻ അന്ന് വിജയക്കൊടിയും നാട്ടി.
പാർട്ടിക്കു പുറത്തെ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന സ്വതന്ത്ര സ്ഥാനാർഥികളാണു 1967നു ശേഷം നിലമ്പൂരിൽ ഇടതുപക്ഷത്തിനായി വിജയം നേടിയത്. 1982ൽ ടി.കെ.ഹംസയും 2016, 21 വർഷങ്ങളിൽ പി.വി.അൻവറും ജയിച്ചതും ഈ ഫോർമുലയിലാണ്. ആര്യാടൻ മുഹമ്മദ് മത്സരിച്ചിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം അടിയുറച്ചു നിന്നിരുന്ന ചില വിഭാഗങ്ങളെ ഒപ്പം നിർത്താനായതു 2 തവണയും അൻവറിന്റെ വിജയത്തിൽ നിർണായകമായി. അതേസമയം നിലമ്പൂരിൽ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നായിരുന്നു ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി നേരത്തെ പ്രതികരിച്ചിരുന്നത്. എംഎൽഎ സ്ഥാനം രാജിവച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി വി.എസ്.ജോയിയെ അൻവർ നിർദേശിച്ചിരുന്നു.