സിഎംആർഎൽ എക്സാലോജിക് ദുരൂഹ സമ്പത്തികയിടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ കേസിനെ പാര്‍ട്ടിക്കെതിരായി ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വീണയുടെ കമ്പനി കൈപ്പറ്റിയ തുകയ്ക്ക് സേവനം കൊടുത്തിട്ടുണ്ടെന്ന് എ.കെ.ബാലന്‍ പ്രതികരിച്ചു. സിപിഎമ്മിനേയും സര്‍ക്കാരിനേയും ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമെന്ന് എം.എ.ബേബിയും പറഞ്ഞു.
Read Also: മാസപ്പടിക്കേസ്: വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയെന്നാല്‍ മുഖ്യമന്ത്രിയാണ് പ്രതിയെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് പറഞ്ഞു. കരിമണല്‍ ഖനനം കേരളത്തില്‍ നടന്ന ഏറ്റവും വലിയ കൊള്ളയാണെന്നും എസ്.എഫ്.ഐ.ഒ അന്വേഷണം കൃത്യമായി നടന്നതായി തെളിഞ്ഞുവെന്നും ഷോണ്‍ ജോര്‍ജ് കൊച്ചിയില്‍ പറഞ്ഞു.
വീണാ വിജയനെ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി.െജ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും. ജില്ലാ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു
മധുരയിലെ പാർട്ടി കോൺഗ്രസിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. ഇല്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും. അന്തസോ, അഭിമാനമോ, മാനമോ ഉണ്ടേൽ പിണറായി രാജിവയ്ക്കണം. കൂടുതൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ട് എന്ന് കരുതുന്നില്ല. നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഈ കേസ് ഒത്തുതീർപ്പാക്കാനാണ്. അതിന്റെ വിവരങ്ങൾ തനിക്ക് ലഭിച്ചുവെന്നും കെ.സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കൊച്ചിയിൽ ബിജെപിയുടെ പ്രതിഷേധം. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കേസിൽ വീണ വിജയൻ പ്രതിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് പടിക്കലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായി. ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ എം ജി റോഡ് ഉപരോധിച്ചു.