ഫയല്‍ ചിത്രം
വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭ കടക്കുമ്പോള്‍ ബില്ലിനെതിരെ മന്ത്രി പി.രാജീവ്. വഖഫ് ഭേദഗതി ബില്‍ മുനമ്പം പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന വാദം ശരിയല്ലെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്നും പി.രാജീവ് പറഞ്ഞു. ഒരു പരിഹാര ക്ലോസും ബില്ലിലില്ലെന്നും ആളുകള്‍ യാഥാര്‍ഥ്യം അറിയാന്‍ പോകുന്നേയുള്ളൂവെന്നും മന്ത്രി. രാജ്യസഭയിൽ കാണാമെന്ന് തോമസ് ഐസകും പ്രതികരിച്ചു. കോൺഗ്രസിന് വഖഫ് വിഷയത്തിൽ രണ്ടു മനസാണ്. കോൺഗ്രസിന് വടക്കേന്ത്യയിൽ മൃദുഹിന്ദുത്വവും തെക്കേന്ത്യയിൽ മതേതരത്വവും. കോൺഗ്രസിന് വേട്ടനായയുടെ സ്വഭാവമെന്നും തോമസ് ഐസക് പറഞ്ഞു.
അസാധാരണമാം വിധം അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ഒടുവിലാണ് വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭ കടക്കുന്നത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആശങ്കകള്‍ അനാവശ്യമെന്നും പ്രതിപക്ഷം മുസ്‍ലിങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു.
അതേസമയം സമരം ഉടന്‍ അവസാനിപ്പിക്കില്ലെന്നും വഖഫ് ഭേദഗതി നിയമമായി പ്രാബല്യത്തില്‍ വന്നശേഷം മാത്രം തീരുമാനമെന്നും സമരസമിതി പ്രതികരിച്ചു. ബില്‍ മുനമ്പത്ത് ശാശ്വതപരിഹാരം ഉണ്ടാക്കുമെന്ന് പ്രതീക്ഷയെന്ന് സമരസമിതി.ബില്ലിന് മുന്‍കാല പ്രാബല്യമുണ്ടെന്നും ഫാ. ആന്‍റണി സേവിയര്‍ തറയില്‍
പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് വോട്ടെടുപ്പ് നടത്തിയത്. ഭരണപക്ഷത്തോ പ്രതിപക്ഷത്തോ വോട്ടുചോര്‍ച്ച ഉണ്ടായില്ല. കേരളത്തില്‍നിന്നുള്ള എം.പിമാര്‍ അടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും തള്ളി. ബില്ലിനെതിരായ വിമര്‍ശനങ്ങളെ മറുപടി പ്രസംഗത്തില്‍ തള്ളിയ മന്ത്രി കിരണ്‍ റിജിജു ബില്‍ ഭരണഘടനാ വിരുദ്ധമോ ന്യൂ പക്ഷ വിരുദ്ധമോ അല്ലെന്ന് പറഞ്ഞു. വഖഫുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതിന് പരിഹാരം കാണാന്‍ ബില്ലിന് സാധിക്കും. മുനമ്പത്തെ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കാനും ബില്‍ സഹായിക്കുമെന്നും മന്ത്രി.