ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്നെഴുതിയത് ആരാണെന്നറിയില്ല. ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്ന ഈ അടയാളവാക്യം ഏറ്റവും ചേരുന്ന നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പല ചരിത്രവും അദ്ദേഹത്തിന് മുന്നില്‍ വഴിമാറുന്നു. നാഴികക്കല്ലുകള്‍ അദ്ദേഹത്തെ കാത്തിരിക്കുകയുമാണ്. 2026 അതില്‍ പലതിനും ഉത്തരവുമുണ്ടാകും.
ഈ വിഷുദിനത്തില്‍ നമ്മുടെ മുഖ്യമന്ത്രി പുതിയൊരു റെക്കോര്‍ഡിലേക്ക് കടക്കുന്നു. കേരളത്തില്‍ കൂടുതല്‍ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കുന്നത്. മുഖ്യമന്ത്രി പദത്തില്‍ 3246 ദിവസങ്ങളാണ് പിണറായി വിജയന്‍ പൂര്‍ത്തിയാക്കുന്നത്. കെ. കരുണാകരനെയാണ് പിണറായി ഇതോടെ പിന്തള്ളിയത്. അതിനുമുമ്പുതന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്നയാള്‍ എന്ന റെക്കോര്‍ഡ് അദ്ദേഹം നേടിയിരുന്നു . 2022 നവംബര്‍ 14 ന് സി. അച്യുതമേനോനെ പിന്തള്ളിയാണ് ആ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെ 2,364 ദിവസമാണ് അച്യുതമേനോന്‍ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്നത്. കെ. കരുണാകരനെ പിന്തള്ളി കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രിയായ രണ്ടാമത്തെയാളെന്ന റെക്കോര്‍ഡും പിണറായിക്ക് സ്വന്തം. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ വിഷുദിനത്തില്‍ അദ്ദേഹം 3246 ദിവസം പിന്നിടുന്നു. മുഖ്യമന്ത്രി പദത്തില്‍ 4009 ദിവസം ചെലവിട്ട ഇ.കെ. നായനാര്‍ മാത്രമാണ് പിണറായിയുടെ മുന്നില്‍ .
തുടര്‍ച്ചയായി മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളില്‍ ജ്യോതിബസുവിനും മണിക് സര്‍ക്കാരിനും ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ്. പശ്ചിമബംഗാളില്‍ ജ്യോതി ബസു 23 വർഷവും 137 ദിവസവും ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ 19 വർഷവും 363 ദിവസവും ബംഗളില്‍ തന്നെ ബുദ്ധദേബ് ഭട്ടാചാര്യ 10 വര്‍ഷവും 190 ദിവസവും . പിണറായി വിജയന്‍ വിഷുദിനത്തില്‍ എട്ടുവര്‍ഷവും പത്തുമാസവും ഇരുപതുദിവസവും പിന്നിടുന്നു.അടുത്തവര്‍ഷം മേയ് 26 ന് തുടര്‍ ഭരണത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കും.
ബംഗാളിലെ ത്രിപുരയിലെ കമ്യൂണിസ്റ്റ് മുഖ്യന്ത്രിമാര്‍ സൃഷ്ടിച്ച തുടര്‍ഭരണ റിക്കോര്‍ഡുകള്‍ ഭേദിക്കാന്‍ അവിടെ അടുക്കാലത്തൊന്നും ആര്‍ക്കും കഴിയില്ല. അവിടങ്ങളിലെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിതന്നെ ആദ്യം മുതല്‍ കെട്ടിപ്പൊക്കേണ്ട അവസ്ഥയിലാണ്. ഇടതുപക്ഷത്തിന്റെ പ്രതീക്ഷയെല്ലാം കേരളത്തിലും പിണറായിയിലും കേന്ദ്രീകരിക്കുന്നു. അതുകൊണ്ടാണ് പ്രായപരിധിയുടെ മാനദണ്ഡങ്ങളും അദ്ദേഹത്തിന് മുന്നില്‍ വഴിമാറുന്നത്. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ചില റെക്കോര്‍ഡുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്.