മാസപ്പടിക്കേസിലെ സിപിഐ നിലപാടിനെ അവഗണിക്കാന്‍ സിപിഎം. വീണാ വിജയനെ തള്ളിയുള്ള ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവനയ്ക്കുപിന്നില്‍ സിപിഐയിലെ ആഭ്യന്തര കലഹമെന്നും സിപിഎം വിലയിരുത്തല്‍. വിഷയത്തില്‍ സിപിഐ സംസ്ഥാനസെക്രട്ടറിയ്ക്കെതിരെ മാധ്യമ പ്രതികരണവും വേണ്ടെന്നും നിര്‍ദേശം
മുഖ്യമന്ത്രിക്കെതിരെയുള്ള വേട്ടയാടലാണ് മകള്‍ക്കെതിരെയുള്ള കേസെന്നും , നേരത്തെ കോടതികള്‍ തന്നെ കേസ് തള്ളിയതാണെന്നും സിപിഎമ്മും മുഖ്യമന്ത്രിയും വാദമുയര്‍ത്തുമ്പോഴാണ് ബിനോയ് വിശ്വത്തിന്‍റെ ഈ എതിരഭിപ്രായം. ഇതോടെ മന്ത്രി വി.ശിവന്‍കുട്ടി ബിനോയ് വിശ്വത്തിനെതിരെ രംഗത്തു വന്നു. എന്നാല്‍ ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങിയേക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനം വേണ്ടെന്നും , സിപിഐയുടെ പ്രസ്താവനയെ അവഗണിക്കാനുമാണ് സിപിഎമ്മിലെ പൊതു ധാരണ. കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുന്നത് അഭിപ്രായ വ്യത്യാസം സജീവമാക്കി നിര്‍ത്തുന്നതിനു കാരണമാകും. മാധ്യമങ്ങളില്‍ നിന്നു ചോദ്യമുയര്‍ന്നാല്‍ എക്സാലോജിക്കിലെ നിലപാട് ആവര്‍ത്തിക്കാനും സിപിഎം പാര്‍ടി നേതൃത്വത്തില്‍ ധാരണയായി. ബിനോയ് വിശ്വവും വിഷയത്തില്‍ പരസ്യ നിലപാട് എടുത്തേക്കില്ലെന്നു സിപിഎം ഉറപ്പു വരുത്തിയിട്ടുണ്ട്.. പകരം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എല്‍ഡിഎഫ് തീരുമാനം.