പി.എം.ശ്രീ പദ്ധതി ഭാവിയിൽ സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന നിലപാട് എൽഡിഎഫിൽ വിശദീകരിക്കാൻ സിപിഐ. കേന്ദ്ര ആവിഷ്കൃത പദ്ധതികൾ കാലക്രമേണ സംസ്ഥാനത്തിന്റെ തലയിൽ വയ്ക്കുന്ന സമീപനം കേന്ദ്രം സ്വീകരിക്കുമ്പോഴുള്ള പ്രശ്നങ്ങൾ ആയിരിക്കും സിപിഐ എല്‍ഡിഎഫില്‍ ചൂണ്ടിക്കാട്ടുക. മുന്നോട്ടുള്ള പോക്കിന് പി.എം.ശ്രീ പദ്ധതി സംസ്ഥാനത്തിന് അനിവാര്യമാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. എന്നാല്‍ നയപരമായി ഇക്കര്യത്തിലുള്ള വിയോജിപ്പ് സിപിഐ ആവര്‍ത്തിച്ചു.
സംസ്ഥാനത്ത് ലഭിക്കേണ്ട ആനുകൂല്യം സംസ്ഥാന ലഭിക്കണമെന്നതില്‍ സിപിഐക്കും തര്‍ക്കമില്ല. എന്നാൽ അതിനായി പി.എം.ശ്രീ പദ്ധതിയില്‍ പങ്കാളിയാകേണ്ട കാര്യമില്ലെന്നാണ് സിപിഐ പറയുന്നത്. കേന്ദ്ര ആവിഷ്കൃത പദ്ധതികൾ വരുമ്പോൾ തുടക്കത്തില്‍ കൂടുതൽ വിഹിതം കേന്ദ്രവും കുറവ് വിഹിതം സംസ്ഥാനവും വഹിക്കും. എന്നാൽ പിന്നീട് കേന്ദ്രം അവരുടെ വിഹിതം കുറയ്ക്കുകയും പദ്ധതി മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്തം പൂര്‍ണമായും സംസ്ഥാനത്തിന് മാത്രമാവുകയും ചെയ്യും. ആശാവർക്കർമാരുടെ വേദന ആണ് ഉദാഹരണമായി സിപിഐ ചൂണ്ടി കാട്ടുന്നത്.
സമഗ്ര ശിക്ഷാ അഭിയാൻ വഴി കിട്ടേണ്ട തുക കേരളത്തിന് അവകാശപ്പെട്ടതാണ്. അത് ലഭ്യമാക്കാൻ പി.എം.ശ്രീ പദ്ധതിക്ക് വഴങ്ങേണ്ടതില്ല എന്നാണ് സിപിഐ നിർവാഹക സമിതി എടുത്ത തീരുമാനം. ഈ മാസം അവസാനം ചേരുന്ന എൽഡിഎഫ് യോഗത്തിലാകും സിപിഐ ഇക്കാര്യങ്ങള്‍ വിശദീകരിക്കുക. എൽഡിഎഫിൽ സമവായമാകാതെ മന്ത്രിസഭയിൽ അനുകൂലിക്കില്ല എന്ന നിലപാടിലാണ് സിപിഐ മന്ത്രിമാരും.
2022 ലെ ദേശീയ അധ്യാപക ദിനത്തിലാണ് രാജ്യത്തെ 14500 സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയ്ക്കു പുറമേ കലാ–കായിക രംഗത്തെ മികച്ച പരിശീലനം എന്നിവയെല്ലാം ഈ സ്കൂളുകളില്‍ ലഭ്യമാക്കും. സ്കൂളുകളെ തിരഞ്ഞെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങളും പരിഗണിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പദ്ധതിയില്‍ ചേരാതിരുന്നതിനെ തുടര്‍ന്ന് കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കു നൽകാനുള്ള സമഗ്രശിക്ഷാ പദ്ധതി ഫണ്ട് കേന്ദ്രസർക്കാർ നേരത്തെ തടഞ്ഞിരുന്നു. ഈ നടപടിക്കെതിരെ പാർലമെന്ററി കമ്മിറ്റി രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി. പിഎം ശ്രീ പദ്ധതിയിൽ ചേർന്നില്ലെന്ന പേരിൽ ഫണ്ട് തടഞ്ഞതു ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍. കേരളത്തിന് 420.91 കോടി, തമിഴ്നാടിന് 2151 കോടി, ബംഗാളിന് 1745.80 കോടി എന്നിങ്ങനെയാണ് പണം കിട്ടാനുള്ളത്. പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്കു മുന്നിൽ 'പിഎം ശ്രീ' എന്നു ചേർക്കണമെന്ന് നിബന്ധനയിലുണ്ടായിരുന്നു.