കോട്ടയത്തെ ആകാശപ്പാത പൊളിച്ചു നീക്കണമെന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആകാശപ്പാത നടപ്പിലാക്കാതിരിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന പരാതിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ നടത്തുന്ന ഉപവാസ സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകാശപ്പാതയ്ക്കായി ബജറ്റില്‍ പണം അനുവദിച്ചിട്ടുണ്ടെന്നും ആ പണം  ഖജനാവില്‍ ഉണ്ടെന്നും പറഞ്ഞ ചെന്നിത്തല ആകാശപ്പാത പൊളിച്ച് നീക്കണമെന്ന് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ചൂണ്ടിക്കാട്ടി. 1.30 കോടി രൂപ ആകാശപ്പാതയ്ക്കു വേണ്ടി ഇതിനകം ചെലവാക്കിയെന്നും ഇനി അത് പൊളിച്ച് നീക്കണമെന്ന നടപടി കോട്ടയത്തെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണെന്നും ചെന്നിത്തല പറഞ്ഞു. ഇനി നമ്മള്‍ ഇനി ഒന്നര വര്‍ഷം മാത്രം കാത്തിരുന്നാല്‍ മതിയെന്നും സര്‍ക്കാര്‍ മാറുമെന്നും പറഞ്ഞ ചെന്നിത്തല ആണുങ്ങള്‍ വന്ന് ആകാശപ്പാത പൂര്‍ത്തിയാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.