കോഴ വാഗ്ദാനം അതീവഗൗരവതരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അന്വേഷണത്തില്‍ സത്യം പുറത്തുവരണം. വസ്തുതയെങ്കില്‍ അങ്ങനെയൊരാള്‍ എല്‍.ഡി.എഫില്‍ ഉണ്ടാകരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. കുട്ടനാട് എം.എല്‍.എ തോമസ് കെ.തോമസിനെതിരെയുണ്ടായ കോഴ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് എംഎല്‍എമാരായ ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും കൂറുമാറുന്നതിന് വേണ്ടി 50 കോടി വീതം വാഗ്ദാനം ചെയ്തു എന്നാണ് തോമസിനെതിരെയുളള ആരോപണം. എൻസിപി അജിത് പവാർ പക്ഷത്ത് എത്തിക്കാനായിരുന്നു ശ്രമം. ഇത് സംബന്ധിച്ച് രഹസ്യവിവരം മുഖ്യമന്ത്രിയ്ക്ക് കിട്ടിയതോടെയാണ് തോമസ്.കെ.തോമസിന്റെ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതെന്നുമാണ് സൂചന. അതേസമയം കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് രംഗത്തെത്തി.