രാജ്യാന്തര അവയവക്കച്ചവടത്തില്‍ പണം ഒഴുകിയ വഴി കണ്ട് അമ്പരക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അവയവ കച്ചവട റാക്കറ്റിന്‍റെ ഭാഗമായ മലയാളികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമായി നടത്തുകയാണ്. ഇറാനിലെ ആശുപത്രികളിലാണ് അവയവമാറ്റം കൂടുതലായി നടന്നിട്ടുള്ളത്. ഒരു ദാതാവിനെ ഇറാനിലെത്തിക്കുമ്പോള്‍ റാക്കറ്റിന് 50 മുതല്‍ 60 ലക്ഷം വരെ രൂപ ലഭിച്ചിരുന്നു. കൂടുതല്‍ ഇരകള്‍ കെണിയില്‍ അകപ്പെട്ടതോടെ ലാഭം പങ്കിടുന്നത് സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായെന്നും പിടിക്കപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു. ഇങ്ങനെ പണം കുറച്ച് മാത്രം ലഭിച്ചവര്‍ ഇരകള്‍ക്ക് വാഗ്ദാനം ചെയ്ത 10 ലക്ഷവും നല്‍കാതെ വന്നതോടെ ഇരകള്‍ പൊലീസിന് മുന്നിലെത്തുകയായിരുന്നു. ഇതോടെയാണ് സബിത്ത് പിടിയിലായത്. കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് അവയവമാറ്റത്തിന് വിധേയരായവര്‍ അനുഭവിക്കുന്നത്.
ഇടനിലക്കാരനായ സബിത്ത് വഴി മാത്രം മുപ്പതിലേറെ അതിഥിത്തൊഴിലാളികളെയാണ് വിദേശത്തേക്ക് അവയവമാറ്റത്തിനായി കയറ്റിവിട്ടത്. ഇവരില്‍ പലരും തിരികെ എത്തിയിട്ടുമില്ല. ഇവര്‍ക്കെന്താണ് സംഭവിച്ചതെന്നും പൊലീസ് അന്വേഷിക്കുകയാണ്. വൃക്ക മാറ്റത്തിനായാണ് അതിഥിത്തൊഴിലാളികളെ വിദേശത്തേക്ക് കയറ്റി അയച്ചതെങ്കിലും വൃക്കയ്ക്ക് പുറമെ ഇവരുടെ കരളിന്‍റെ ഭാഗങ്ങള്‍ നീക്കം ചെയ്തോ എന്ന സംശയവും പൊലീസ് ഉയര്‍ത്തുന്നു. സബിത്ത് വഴി വിദേശത്തേക്ക് കടത്തപ്പെട്ട മുപ്പത് അതിഥിത്തൊഴിലാളികളെയും കണ്ടെത്തി അവരുടെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഉന്നതതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു.
അതേസമയം വ്യാജ ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും നിര്‍മിച്ച് നടത്തിയ കടത്തിന്‍റെ വിവരങ്ങള്‍ പൊലീസ് ഇതുവരെയും പൂര്‍ണമായി പുറത്ത് വിട്ടിട്ടില്ല. വിവരങ്ങള്‍പുറത്തുവന്നാല്‍ പ്രതികള്‍ മുങ്ങുമെന്നും തെളിവുനശിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. വലപ്പാട് കോളനിയിലെ വിലാസമാണ് സബിത്തിന്‍റെ പാസ്പോര്‍ട്ടിലുള്ളത്. എന്നാല്‍ 10 ദിവസം മാത്രമാണ് സബിത്ത് ഇവിടെ വാടകയ്ക്ക് താമസിച്ചതെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തല്‍. ഇതോടെയാണ് തട്ടിപ്പിന്‍റെ മറ്റ് മുഖങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.