kireedam-bridge-

‘കിരീടം’ പാലം കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര വികസനത്തിന് വീണ്ടും മന്ത്രി മുഹമ്മദ് റിയാസിന്‍റെ വക ഉറപ്പ്. പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. നടൻ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് വീണ്ടും മന്ത്രിയുടെ പ്രഖ്യാപനം. ‘ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം’ എന്ന പേരിലാണ് കുറിപ്പ്

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2021 സെപ്റ്റംബറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് നേമം മണ്ഡലത്തിൽ ഉൾപ്പെടുന്ന വെള്ളായണിയിലെ കിരീടം പാലം ടൂറിസം കേന്ദ്രമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 27 ന് മന്ത്രിയുടെ ഫെയ്സ്ബുക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.

‘നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്’ എന്നായിരുന്നു അന്നു മന്ത്രി കുറിച്ചത്. എന്നാൽ, പിന്നെയും പലതവണ പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും നടപടിയായില്ല. അതിനു ശേഷമുള്ള ബജറ്റുകളിലും പദ്ധതി ഉൾപ്പെട്ടു. 

2023 ഒക്ടോബർ 14 ന് ആണ് ‘സിനി ടൂറിസം പ്രോജക്ട്– കിരീടം പാലം അറ്റ് വെള്ളായണി’ എന്ന പദ്ധതിയായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്. 1.22 കോടി രൂപയാണ് പദ്ധതി നടപ്പാക്കാൻ വകയിരുത്തുകയും ചെയ്തു. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഉത്തരവിറങ്ങി 7 മാസം കഴിഞ്ഞിട്ടും ഫയൽ ജോലികൾക്കപ്പുറം പദ്ധതിയിൽ ഒന്നുമായിട്ടില്ല. 

പദ്ധതി ഒന്നുമില്ലെങ്കിലും കിരീടം പാലത്തിൽ സന്ദർശകർക്കു കുറവില്ല. ആൽബം ചിത്രീകരിക്കാനും മറ്റുമായി ഒട്ടേറെപ്പേരാണു ദിവസവും എത്തുന്നത്. മറ്റു പ്രദേശങ്ങളിൽ നിന്ന് ഇവിടേക്ക് എത്താനുള്ള വഴികളാകട്ടെ, കുണ്ടും കുഴിയും വെള്ളക്കെട്ടുമായി തകർന്നു കിടക്കുന്നു. അതിനിടെയാണ് വീണ്ടും ‘ലാലേട്ടന് പിറന്നാള്‍ സമ്മാന’വുമായി മന്ത്രി എത്തിയിരിക്കുന്നത്. ‘മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു’ എന്നാണ് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം.. 

'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. 

മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്‍റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.

ENGLISH SUMMARY:

Minister P.A Muhammad Riyas again promises 'Kireedam' bridge on actor Mohanlal's birthday.