ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ജയിച്ചതുമുതല്‍ സൈബര്‍ ആക്രമണം നേരിടുന്ന താരമാണ് നിമിഷ സജയന്‍. നിരവധി ആളുകള്‍ നിമിഷയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോഴിതാ, നിമിഷ സജയനെതിരെ നടക്കുന്ന വ്യക്തിഹത്യ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജർ രവി.
നിമിഷയെ മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള കമന്‍റുകള്‍ ഞാന്‍ കണ്ടിരുന്നുവെന്നും, ഒരു വേദി കിട്ടിയപ്പോൾ കയ്യടി നേടാന്‍ വേണ്ടി വിളിച്ചുപറഞ്ഞതാകാമെന്നും അതില്‍ വ്യക്തിവൈരാഗ്യമുള്ളതായി തോന്നുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. വ്യക്തിവിരോധം ഇഷ്ടപ്പെടുന്ന ആളല്ല സുരേഷ് ഗോപിയെന്നും അദ്ദേഹം സാത്വികനായ വ്യക്തിയാണെന്നും മേജർ രവി പറയുന്നു. ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിലൂടെയാണ് മേജര്‍ രവി നിമിഷയ്ക്കെതിരെയുള്ള വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
സുരേഷ് ഗോപിയെ കുറിച്ച് അന്ന് നിമിഷ പറഞ്ഞപ്പോള്‍ സങ്കടം തോന്നിയെന്നും ഇപ്പോള്‍ നിമിഷയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തോട് താല്പര്യമില്ലെന്നും സുരേഷ് ഗോപിയുടെ മകനും പറഞ്ഞിരുന്നു. നാലു വർഷങ്ങൾക്ക് മുമ്പ് തൃശൂർ മണ്ഡലവുമായി ബന്ധപ്പെട്ട് നിമിഷ നടത്തിയ പ്രസ്താവനയാണ് സൈബർ ആക്രമണത്തിന് കാരണം. ‘തൃശൂർ ചോദിച്ചിട്ട് നമ്മൾ കൊടുത്തിട്ടില്ല പിന്നെ ഇന്ത്യ ചോദിച്ചാൽ നമ്മൾ കൊടുക്കുമോ’ എന്നാണ് അന്ന് ഒരു പൊതുപരിപാടിയിൽ നിമിഷ സജയൻ പറഞ്ഞത്.
മേജര്‍ രവിയുടെ വാക്കുകള്‍:
വളരെ സങ്കടകരമായ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നടി നിമിഷ സജയനെ മാനസികമായി വിഷമിപ്പിക്കുന്ന ഒരുപാട് കമന്റുകൾ കണ്ടു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല കലാകാരിയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള സൈബർ ആക്രമണം നേരിടാനുള്ള മാനസികമായ ശക്തി ആ കുട്ടിക്ക് ഉണ്ടോ എന്നറിയില്ല. ഏതോ ഒരു കാലത്ത് സുരേഷ് പറഞ്ഞ ഒരു കാര്യം ആ കുട്ടി വേദിയിൽ വന്ന് പറഞ്ഞു. അതിനെ അങ്ങനെ വിട്ടാൽ മതി. ഇപ്പോൾ നടക്കുന്ന ആക്രമണം വിഷമിപ്പിക്കുന്നതാണ്. നിമിഷ പറഞ്ഞത് അന്ന് കേട്ടപ്പോൾ വിഷമമുണ്ടായിരുന്നുവെന്നും പക്ഷെ അതിന്റെ പേരിൽ അവരെ മാനസികമായി വിഷമിപ്പിക്കുന്നതിനോ ട്രോള് ചെയ്യുന്നതിലോ എനിക്ക് യാതൊരു സന്തോഷവുമില്ല എന്നാണ് വളരെ പക്വതയോടെ ഗോകുൽ സുരേഷ് പറഞ്ഞത്. സുരേഷ് ഗോപി വളരെ നന്നായി വളർത്തിയ കുട്ടിയാണ് ഗോകുൽ. ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ വിടുകയാണ് വേണ്ടത് അല്ലാതെ ഒരു പെൺകുട്ടിയുടെ പിന്നാലെ പോയി അവളെ അറ്റാക് ചെയ്യാൻ നിങ്ങൾക്കൊന്നും വേറെ പണി ഒന്നുമില്ലേ ? ഇതൊക്കെ നിർത്തിക്കൂടെ? ആ കുട്ടി ചെയ്തത് വ്യക്തിപരമായ ദേഷ്യം കൊണ്ടൊന്നും അല്ല. ഒരു സ്റ്റേജിൽ കയറി കുറച്ചു കയ്യടി കിട്ടുന്ന സമയത്ത് വായിൽ നിന്ന് പോയതാണ്. അന്ന് പറഞ്ഞതിനെ ഇപ്പോ എടുത്തിട്ട് ആ കുട്ടിയെ അറ്റാക്ക് ചെയ്യുന്നതിനെ അംഗീകരിക്കാനാകില്ല. സുരേഷ് എന്റെ സുഹൃത്താണ്, ആ കുടുംബവും എനിക്ക് അടുപ്പമുള്ളതാണ്, ആ കുട്ടി അല്ലാതെ വേറെ ആരെല്ലാം എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ഇതൊക്കെ സുരേഷിന് ഇഷ്ടപ്പെടും എന്നുകരുതി ആണ് പറയുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. സുരേഷ് വളരെയധികം സാത്വികനായ മനുഷ്യനാണ് ഇങ്ങനെയൊക്കെ പറയുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുമെന്നു കരുതരുത്. ഇനിയെങ്കിലും ഈ സൈബർ ആക്രമണം നിർത്തണം.