പ്രകൃതിയോടും പക്ഷികളോടും കൂട്ടുകാരോടും മിണ്ടിപ്പറഞ്ഞ് ഓരോദിവസവും രണ്ടാം ക്ലാസുകാരിയായ സുദീപ കുറിച്ചിട്ട കുറിപ്പുകള്‍ക്ക് മന്ത്രി അപ്പൂപ്പന്‍ വക അഭിനന്ദനം.അട്ടപ്പാടി കാരറ ജി.യു.പി സ്കൂളിലെ കൊച്ചുമിടുക്കിയുടെ ശുദ്ധ മലയാളത്തിലുള്ള ഡയറി എഴുത്തിനെയാണ് വി.ശിവന്‍കുട്ടി പ്രശംസിച്ചത്. സുദീപയുടെ എഴുത്തിന് മനോഹാരിത കൂട്ടിയത് അമ്മ ദീപയുടെ വരകളും.
ഇന്ന് അച്ഛൻ ദൂരെ പണിക്ക് പോയി. എനിക്ക് അച്ഛനെ കാണാനായില്ല സങ്കടമായി. ഇന്ന് ഞാനും അനിയനും മണ്ണു കൊണ്ട് കളിച്ചു. പാലു വാങ്ങാൻ പോയപ്പോൾ മഴ നനഞ്ഞതും സ്കൂളിലേക്ക് വരുന്ന വഴി മരത്തിൽ കിളിക്കൂട് കണ്ടതും വീട്ടുമുറ്റത്തെ ചാമ്പ മരത്തിൽ ചുവന്ന ചാമ്പങ്ങ നിറഞ്ഞതും മഴ പെയ്ത് മുറ്റത്തെ മുല്ലയിൽ നിറയെ വെളുത്ത പൂക്കള്‍ വിരിഞ്ഞതും സുദീപയുടെ ഡയറിയിലെ വിശേഷങ്ങളായി. ദിവസവും കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം വടിവൊത്ത മലയാളത്തിൽ. മാതൃഭാഷ മലയാളമല്ലാത്ത മുഡുക ഗോത്രവിഭാഗക്കാരിയായ കൊച്ചുമിടുക്കി ആറാം വയസ്സിൽ തന്നെ മലയാളത്തെ ഹൃദയത്തോട് ചേര്‍ത്തിട്ടുണ്ട്.
മകളുടെ ആശയങ്ങൾക്ക് ചിത്രങ്ങളിലൂടെ നിറം പകർന്നിരിക്കുന്നത് അമ്മ ദീപയാണ്. കുഞ്ഞിനോടൊപ്പം അമ്മയും പഠന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി പങ്കാളിയാകുന്നതിന്റെ മാതൃക.
സുദീപയുടെ ഡയറി വിശേഷങ്ങളും അമ്മ ദീപയുടെ വരയും പ്രധാനധ്യാപിക സിന്ധു സാജനാണ് സമൂഹ മാധ്യമത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഫേസ് ബുക്ക് പോസ്റ്റ് പങ്കുവച്ച മന്ത്രി ശിവൻകുട്ടി സുദീപയെയും അമ്മ ദീപയെയും അഭിനന്ദിച്ചു. ചുരം കയറിയെത്തിയുന്ന സന്തോഷമെന്നറിയിച്ച് നാട്ടാര്‍ക്കും അഭിമാനം.