sivankutty-instruction

TOPICS COVERED

പണമില്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയേപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ല എന്ന നിര്‍ദേശത്തിന് പിന്നാലെ വീണ്ടും നിര്‍ദേശങ്ങളുമായി പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാര്‍ഥികള്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ക്ലാസ് മുറികളില്‍ വെച്ച് ഫീസ് ചോദിക്കാന്‍ പാടില്ലെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയച്ചത്.

ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ല. വിദ്യാർഥികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ല. കഴിവതും ഇത്തരം കാര്യങ്ങൾ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പരിഹരിക്കേണ്ടതാണെന്നും മന്ത്രി പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

സംസ്ഥാനത്തെ ഐടിഐകളിൽ വിദ്യാർഥിനികൾക്ക് ആർത്തവ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ച് ഐ.റ്റി.ഐ. കളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നുവെന്ന് മന്ത്രി കുറിച്ചു. സംസ്ഥാനത്ത് ഐടിഐകളിൽ ശനിയാഴ്ച അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ പണമില്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയേപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ലെന്ന് വി. ശിവൻകുട്ടി അറയിച്ചിരുന്നു. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു.

പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ല. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

സ്കൂൾ പഠനയാത്രകൾ, വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണം.

സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെൻ്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്.സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. സമ്മാനങ്ങൾ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കുന്നതിന് സ്കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണം.

ENGLISH SUMMARY:

"No student should be excluded from school trips due to financial difficulties," emphasized Minister V. Sivankutty, following up with additional directives. The Minister stated that asking for fees in classrooms in a way that causes mental distress to students is strictly prohibited. He shared this announcement via Facebook.